ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിലങ്ങണിഞ്ഞ് ധനുഷ്- ‘കർണൻ’ ഏപ്രിൽ ഒൻപതിന് തിയേറ്ററുകളിലേക്ക്

February 15, 2021

സംവിധായകൻ മാരി സെൽവരാജിന്റെയും ധനുഷിന്റെയും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കർണൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കയ്യിൽ വിലങ്ങണിഞ്ഞാണ് ധനുഷ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. അതേസമയം, ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രിൽ 9നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

സംവിധായകൻ മാരി സെൽ‌വരാജും സമൂഹമാധ്യമങ്ങളിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചു,’നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല. വളരെ സന്തോഷത്തോടെ, കർണ്ണന്റെ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പങ്കുവയ്ക്കുന്നു’. മലയാളി പ്രേക്ഷകർക്കും വളരെയേറെ പ്രതീക്ഷയുള്ള ചിത്രമാണ് കർണൻ. കാരണം, ചിത്രത്തിൽ ഒന്നിലധികം മലയാളി സാന്നിധ്യമുണ്ട്. നായികയായി എത്തുന്നത് രജീഷ വിജയനാണ്. നടൻ ലാലും പ്രധാന വേഷത്തിൽ എത്തുന്നു.

നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് കർണനിലൂടെയാണ്. ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം. അതേസമയം, ജഗമേ തന്തിരം, ആനന്ദ് എൽ റായിയുടെ ബോളിവുഡ് ചിത്രം അത്രാംഗി രേ, എന്നീ ചിത്രങ്ങളാണ് അണിയറയിൽ ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്നത്. രാം കുമാർ, സെൽവരഘവൻ, കാർത്തിക് നരേൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ധനുഷ് ഒപ്പുവെച്ചിട്ടുണ്ട്.

Read More: ജോഷിയുടെ സംവിധാനത്തില്‍ ‘പാപ്പന്‍’ ആകാന്‍ സുരേഷ് ഗോപി; ഒപ്പം സണ്ണി വെയ്‌നും നൈല ഉഷയും

വെട്രിമാരന്റെ ‘വടാ ചെന്നൈ’യിലേത് പോലെ ശക്തമായ നാടൻ കഥാപാത്രമാണ് കർണനിലും ധനുഷിന്റേത് എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മാരി സെൽ‌വരാജിന്റെ ചിത്രത്തിൽ ധനുഷ് വേഷമിടുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. ചിത്രത്തിൽ സംഗീത സംവിധായകനായി സന്തോഷ് നാരായണനും ഭാഗമാകുന്നുണ്ട്.

Story highlights- karanan movie release date