‘കഴിഞ്ഞ 40 വർഷത്തിനിടയിൽ ലാലിനെ എന്റെ സഹോദരന്മാരേക്കാൾ കൂടുതൽ ഞാൻ കണ്ടിട്ടുണ്ട്’- ശ്രദ്ധേയമായി മമ്മൂട്ടിയുടെ വാക്കുകൾ

February 5, 2021

മലയാള സിനിമാ ലോകത്തെ എല്ലാ താരങ്ങളും അണിനിരന്ന വിവാഹവേദിയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടേത്. വിവാഹ ചടങ്ങുകളിൽ മോഹൻലാലും കുടുംബവും മാത്രമാണ് സാന്നിധ്യമായതെങ്കിൽ റിസപ്ഷനിൽ എല്ലാ താരങ്ങളും സിനിമാ പ്രവർത്തകരും എത്തി. ഇപ്പോഴിതാ, വിവാഹ ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് ആന്റണി പെരുമ്പാവൂർ. മോഹന്ലാലിനെക്കുറിച്ചും ആന്റണി പെരുമ്പാവൂരിനെക്കുറിച്ചും മമ്മൂട്ടി പറയുന്ന വാക്കുകളാണ് വീഡിയോയിൽ ശ്രദ്ധേയം.

‘എനിക്കും എന്റെ കുടുംബത്തിനും ഇത് സന്തോഷകരമായ അവസരമാണ്’ എന്നാണ് മോഹൻലാൽ പറഞ്ഞത്. ആന്റണിയുമായുള്ള 33 വർഷത്തെ ബന്ധത്തെക്കുറിച്ചും മോഹൻലാൽ പറഞ്ഞു. “ഇത് എന്റെ കുടുംബത്തിലെ ഒരു ആഘോഷം പോലെയാണ്. എന്റെ മകൾ വിവാഹിതയാകുന്നത് പോലെ ഞാൻ സന്തുഷ്ടനാണ്’.- മോഹൻലാലിൻറെ വാക്കുകൾ. ‘ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു ഇത്’ എന്നാണ് സുചിത്ര മോഹൻലാൽ പറഞ്ഞത്.

മമ്മൂട്ടി റിസപ്ഷനിലാണ് പങ്കെടുത്തത്. മോഹൻലാലുമായുള്ള ബന്ധത്തിലൂടെയാണ് ആന്റണി പെരുമ്പാവൂരുമായുള്ള സൗഹൃദത്തെ കുറിച്ച് മമ്മൂട്ടി മനസ് തുറന്നത്. 40 വർഷത്തിലേറെയായ ബന്ധത്തെക്കുറിച്ച് വളരെ സന്തുഷ്ടനായാണ് മമ്മൂട്ടി സംസാരിച്ചത്, ‘ഈ സന്തോഷകരമായ അവസരത്തിൽ ഇവിടെ വന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലാലിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ആന്റണിയെ ഒരു സഹോദരനായി കരുതുന്നു; കഴിഞ്ഞ 40 വർഷത്തിനിടയിൽ, ലാലിനെ എന്റെ സഹോദരന്മാരേക്കാൾ കൂടുതൽ ഞാൻ കണ്ടിട്ടുണ്ട്, ലാൽ എനിക്ക് ഒരു സഹോദരനെപ്പോലെയാണ്. അതിനാൽ ലാലിന്റെ സഹോദരൻ എനിക്കും സഹോദരനാണ്’- മമ്മൂട്ടി പറയുന്നു.

Read More: കലിപ്പ് ഭാവത്തില്‍ വിജയ് സേതുപതി; ശ്രദ്ധ നേടി ‘ഉപ്പെന’ ട്രെയ്‌ലര്‍

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോക്ടര്‍ അനിഷയുടെ വരന്‍ ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ്. ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. മോഹൻലാലും കുടുംബവുമായിരുന്നു വിവാഹ വീഡിയോയിലെ പ്രധാന ആകർഷണം.

Story highlights- Mammootty makes touching speech at wedding of Antony Perumbavoor’s daughter