40 വർഷങ്ങൾക്ക് മുൻപ് നായകനായ ചിത്രത്തിൽ സഹനടനായി മമ്മൂട്ടി; ഇന്ന് ദൃശ്യത്തിലെ സപ്ലയർ- മേള രഘുവിന്റെ സിനിമാ യാത്ര

February 21, 2021

മലയാള സിനിമയിൽ ദൃശ്യം 2 സജീവ ചർച്ചകൾക്ക് ഇടമൊരുക്കുകയാണ്. കഥയും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകർ ഇഴകീറി വിലയിരുത്തുമ്പോൾ ഹോട്ടലിൽ സപ്ലയറായി വേഷമിട്ട രഘുവും ശ്രദ്ധേയനാകുകയാണ്. ഉയരം കുറഞ്ഞ രഘു അത്ര പ്രധാനമല്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷമാണ് ദൃശ്യം 2വിൽ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ യഥാർത്ഥ പേരും രഘു എന്ന് തന്നെയാണ്. എന്നാൽ, അധികമാർക്കും അറിയാത്ത ഒരു വലിയ ഫ്ലാഷ്ബാക്ക് സിനിമാലോകത്ത് രഘുവിനുണ്ട്. അനശ്വര ചലച്ചിത്രകാരൻ കെ ജി ജോർജ് നാൽപതു വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ നായകനാണ് രഘു.

കെ. ജി. ജോർജിന്റെ ഒരു ദുരന്ത നാടകമാണ് 1980 ൽ പുറത്തിറങ്ങിയ മേള. ഒരു സർക്കസ് കോമാളിയുടെ സ്വകാര്യജീവിതവും വിവാഹത്തിന് ശേഷം അയാൾ അനുഭവിക്കുന്ന അപകർഷതയും തുടർന്നുള്ള അയാളുടെ ആത്മഹത്യയുമാണ് സിനിമ. ചിത്രത്തിൽ ഗോവിന്ദൻ എന്ന സർക്കസ് കോമാളിയായി എത്തിയത് രഘുവായിരുന്നു. ആ സിനിമയിൽ നായകൻ രഘുവായിരുന്നു. സർക്കസ് കമ്പനിയിലെ അതി സാഹസികനായ ബൈക്ക് റൈസർ ആയ വിജയൻറെ വേഷത്തിൽ എത്തിയതാകട്ടെ, മമ്മൂട്ടിയും.

അന്ന് ചിത്രം റിലീസ് ചെയ്തപ്പോൾ സ്ക്രീനിൽ ആദ്യം തെളിയുന്ന പേര് നായകനായ രഘുവിന്റേതായിരുന്നു. ഏഷ്യയിൽ ആദ്യമായി ഒരു ചെറിയ മനുഷ്യൻ നായകനായ ചിത്രമായിരുന്നു അത്. ചെങ്ങന്നൂർ സ്വദേശിയായ ശശിധരൻ സിനിമയിൽ എത്തിയപ്പോൾ രഘുവായി. സ്‌കൂൾ കാലത്ത് തന്നെ കലാരംഗത്ത് സജീവമായ രഘു, പ്രീഡിഗ്രി പഠനം പൂർത്തിയാക്കാതെയാണ് സർക്കസിലേക്ക് എത്തിയത്. അവിടെ നിന്നും നടൻ ശ്രീനിവാസനാണ് മേളയിലേക്ക് രഘുവിനെ കണ്ടെത്തിയത്. സിനിമ ഹിറ്റായതോടെ രഘു നാട്ടിലെ താരമായി. കോളേജ് യൂണിയൻ ഉദ്‌ഘാടനങ്ങളുമൊക്കെയായി തിരക്കിലായി.

Read More: എബ്രിഡ് ഷൈൻ ചിത്രത്തിൽ നായകന്മാരായി നിവിൻ പോളിയും ആസിഫ് അലിയും

എന്നാൽ, പിന്നീട് ചില സിനിമകളിൽ വേഷമിട്ടുവെന്നല്ലാതെ ആദ്യ ചിത്രം പോലെ ശ്രദ്ധേയ കഥാപാത്രങ്ങളെ രഘുവിന് ലഭിച്ചില്ല. സഞ്ചാരി ,മുഖചിത്രം ,കാവടിയാട്ടം ,ഇരിക്കൂ എം.ഡി അകത്തുണ്ട് ,അപൂർവ്വ സഹോദരങ്ങൾ ,വിനയപൂർവ്വം വിദ്യാധരൻ ,ഇന്ത്യൻ പ്രണയകഥ , തുടങ്ങിയ സിനിമകളിൽ അദ്ദേഹം ചെറിയ വേഷത്തിൽ എത്തി. ഇപ്പോഴിതാ, ദൃശ്യം 2ലെ കഥാപാത്രത്തിലൂടെ അദ്ദേഹം വീണ്ടും ശ്രദ്ധേയനാകുകയാണ്. അന്ന് മേളയിൽ അഭിനയിച്ച മമ്മൂട്ടിയും, ശ്രീനിവാസനും താരങ്ങളായി. ബാക്കിയെല്ലാവരും വിസ്‌മൃതിയിലേക്കും മറഞ്ഞു.

Story highlights- mela raghu lifestory