നടൻ മേള രഘു അന്തരിച്ചു

നടൻ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിൽ നായകനായാണ് രഘു അഭിനയ ലോകത്തേക്ക് എത്തിയത്. ചേർത്തല സ്വദേശിയായ രഘുവിന്റെ പേര് പുത്തൻവെളി ശശിധരൻ എന്നാണ്.

ഏപ്രിൽ 16ന് കുഴഞ്ഞു വീണതിനെ തുടർന്ന് മേള രഘുവിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങളോളം അബോധാവസ്ഥയിലായിരുന്നു. അനശ്വര ചലച്ചിത്രകാരൻ കെ ജി ജോർജ് നാൽപതു വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ നായകനാണ് രഘു. കെ. ജി. ജോർജിന്റെ ഒരു ദുരന്ത നാടകമാണ് 1980 ൽ പുറത്തിറങ്ങിയ മേള. ഒരു സർക്കസ് കോമാളിയുടെ സ്വകാര്യജീവിതവും വിവാഹത്തിന് ശേഷം അയാൾ അനുഭവിക്കുന്ന അപകർഷതയും തുടർന്നുള്ള അയാളുടെ ആത്മഹത്യയുമാണ് സിനിമ. ചിത്രത്തിൽ ഗോവിന്ദൻ എന്ന സർക്കസ് കോമാളിയായി എത്തിയത് രഘുവായിരുന്നു. ആ സിനിമയിൽ നായകൻ രഘുവായിരുന്നു. സർക്കസ് കമ്പനിയിലെ അതി സാഹസികനായ ബൈക്ക് റൈസർ ആയ വിജയൻറെ വേഷത്തിൽ എത്തിയതാകട്ടെ, മമ്മൂട്ടിയും.

Read More: കാർത്തിയ്ക്ക് പിന്നാലെ സൂര്യയുടെയും നായികയാകാൻ ഒരുങ്ങി രജിഷ വിജയൻ

പിന്നീട് ചില സിനിമകളിൽ വേഷമിട്ടുവെന്നല്ലാതെ ആദ്യ ചിത്രം പോലെ ശ്രദ്ധേയ കഥാപാത്രങ്ങളെ രഘുവിന് ലഭിച്ചില്ല. സഞ്ചാരി ,മുഖചിത്രം ,കാവടിയാട്ടം ,ഇരിക്കൂ എം.ഡി അകത്തുണ്ട് ,അപൂർവ്വ സഹോദരങ്ങൾ ,വിനയപൂർവ്വം വിദ്യാധരൻ ,ഇന്ത്യൻ പ്രണയകഥ , തുടങ്ങിയ സിനിമകളിൽ അദ്ദേഹം ചെറിയ വേഷത്തിൽ എത്തി. ദൃശ്യം 2ലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും ശ്രദ്ധേയനായത്. മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Story highlights- actor mela raghu passed away