ഒരു ജോലിയായി തോന്നിയാല്‍ ആ നിമിഷം അഭിനയം നിര്‍ത്തുമെന്ന് മോഹന്‍ലാല്‍

February 11, 2021
Mohanlal about his acting

ഓരോ സിനിമകളിലും വേറിട്ട കഥാപാത്രങ്ങളെ അഭിനയമികവുകൊണ്ട് അശ്വരമാക്കുന്ന നടനാണ് മോഹന്‍ലാല്‍. നടനവിസ്മയം എന്നും താരരാജാവ് എന്നും സൂപ്പര്‍ സ്റ്റാര്‍ എന്നുമൊക്കെ പ്രേക്ഷകര്‍ അദ്ദേഹത്തെ വാഴ്ത്തുമ്പോള്‍ അഭിനയം എന്നത് ഏറെ പ്രിയപ്പെട്ടതാണ് മോഹന്‍ലാലിന്. അഭിനയത്തോട് താരം എത്രത്തോളം സമര്‍പ്പണം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍.

‘ഇത്രേയും കാലത്തെ അഭിനയജീവിതത്തിനിടയില്‍ അതൊരു ജോലിയായി തോന്നിയ നിമിഷമുണ്ടായിട്ടുണ്ടോ’ ? എന്നതായിരുന്നു താരത്തെ തേടിയെത്തിയ ചോദ്യം. അഭിനയം ഒരു ജോലിയായി തോന്നുന്ന സമയം അഭിനയം അവസാനിപ്പിയ്ക്കും എന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മറുപടി. ഒരു അഭിനേതാവ് എന്ന നിലയില്‍ ഓരോ ദിവസവും പുതിയതാണ്. പുതിയ കോസ്റ്റിയൂം, പുതിയ ഡയലോഗ്, സീനുകള്‍, കഥാപാത്രങ്ങള്‍ അങ്ങനെ ഒരുപാട് പുതിയ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം മനോഹരമായ ഒരു വെളിപ്പെടുത്തലാണ്. ഞാന്‍ എന്തിനാണ് ഈ ജോലി ചെയ്യുന്നതെന്ന് എനിക്ക് തോന്നിയാല്‍, ആ നിമിഷം, ഞാന്‍ അഭിനയം നിര്‍ത്തും.’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Read more: ‘കൈക്കുടന്ന നിറയെ’ ‘സൂര്യകിരീടം’ പോല്‍ സുന്ദര ഗാനങ്ങള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി: ശ്രദ്ധേയമായ ചില ഗാനങ്ങള്‍

അതേസമയം മോഹന്‍ലാല്‍ നായകനായെത്തുന്ന ദൃശ്യം 2 എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്താന്‍ ഒരുങ്ങുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ദൃശ്യം എന്ന സിനിമയുടെ തുടര്‍ക്കഥയാണ് ദൃശ്യം 2. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആയിരിക്കും ദൃശ്യം 2-പ്രേക്ഷകരിലേയ്ക്കെത്തുക. ഫെബ്രുവരി 19 നാണ് ദൃശ്യം 2-ന്റെ റിലീസ്. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്‌തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Mohanlal about his acting