‘ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവ്വചിക്കാമോ?’- ലൈവ് ചാറ്റിൽ മറുപടിയുമായി മോഹൻലാൽ

February 16, 2021

മോഹൻലാൽ നായകനായ ദൃശ്യം 2 റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. റിലീസിന്റെ ഭാഗമായി അഭിമുഖങ്ങളും പ്രൊമോഷൻ പരിപാടികളും ഡിജിറ്റലായി പങ്കെടുക്കുന്ന തിരക്കിലാണ് മോഹൻലാൽ. ഇപ്പോഴിതാ, ട്വിറ്ററിൽ ലൈവ് ചാറ്റിലും താരമെത്തി. ആരാധകർക്ക് അറിയേണ്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം.

ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവ്വചിക്കാമോ?, ബറോസ് എന്ന് തുടങ്ങും, എമ്പുരാൻ എന്ന് തുടങ്ങും മുതലായ ചോദ്യങ്ങൾക്കാണ് മോഹൻലാൽ മറുപടി നൽകുന്നത്. ഇച്ചക്കയെ കുറിച്ച് ചോദിച്ചപ്പോൾ കിടു എന്നാണ് മോഹൻലാൽ പ്രതികരിച്ചത്. ബറോസ് മാർച്ചിൽ ആരംഭിക്കുമെന്നും പങ്കുവെച്ചു. ദൃശ്യം 2 ഞെട്ടിക്കുമോ എന്ന ചോദ്യത്തിന് കാണൂ എന്നാണ് മോഹൻലാലിൻറെ മറുപടി.

ജഗതിയെ കുറിച്ചും മോഹൻലാൽ പ്രതികരിച്ചു. ദി കംപ്ലീറ്റ് ആക്ടർ എന്നാണ് മോഹൻലാൽ ജഗതിയെ കുറിച്ച് പറഞ്ഞത്. എമ്പുരാൻ ഈ വർഷം സാധ്യമായേക്കും എന്നാണ് പ്രതികരിച്ചത്. പൃഥ്വിരാജിനെ ബ്രില്ലിയന്റ് എന്നും മോഹൻലാൽ വിശേഷിപ്പിച്ചു. അതോടൊപ്പം, ദൃശ്യം 2 തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധ്യത ഉണ്ടെന്ന സൂചനയും മോഹൻലാൽ നൽകി.

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം 2 ഫെബ്രുവരി 19 മുതൽ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ വരവേൽപ്പാണ് ആരാധകർ നൽകിയത്.

Read More: ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിലങ്ങണിഞ്ഞ് ധനുഷ്- ‘കർണൻ’ ഏപ്രിൽ ഒൻപതിന് തിയേറ്ററുകളിലേക്ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. അതേസമയം, കൊവിഡ് പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ദൃശ്യം 2 അടുത്തിടെയാണ് പൂർത്തിയാക്കിയത്. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്. 56 ദിവസങ്ങളായിരുന്നു ചിത്രീകരണത്തിനായി നിശ്ചയിച്ചതെങ്കിലും 46 ദിവസംകൊണ്ട് ദൃശ്യം 2 പൂർത്തിയാക്കാൻ സാധിച്ചു. ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടന്നത്.

Story highlights- mohanlal live chat