പേരക്കുട്ടിയെ പഠിപ്പിയ്ക്കാനായി വീട് വിറ്റു; ഊണും ഉറക്കവും ഓട്ടോയിലാക്കിയ ‘മുത്തച്ഛന്’
ജീവിതം മുഴുവന്‍ ഒരു ഓട്ടോറിക്ഷയിലാക്കിയ മുത്തച്ഛന്റെ കഥയാണ് സമൂഹമാധ്യമങ്ങളിലാകെ നിറയുന്നത്. ഒരു ഓട്ടോറിക്ഷയ്ക്ക് സമീപത്തായി നില്ക്കുന്ന ദേസ് രാജ് എന്ന മുത്തച്ഛന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. എന്നാല്‍ ഈ ചിത്രത്തിന് ഏറെ പറയാനുണ്ട്. വെല്ലുവിളികളേയും പ്രയാസങ്ങളേയും നേരിടേണ്ടി വന്നിട്ടും കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുന്ന ഇദ്ദേഹം വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ്.
മുംബൈ നഗരത്തിലാണ് ദേസ് രാജ് ഓട്ടോ ഓടിയ്ക്കുന്നത്. ഒരുപക്ഷെ അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയില്‍ കയറിയ ആരും ആ ജീവിതം അറിഞ്ഞിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസം ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ദേശ് രാജിന്റെ കഥ പങ്കുവെച്ചത്. വളരെ വേഗം ഹൃദയസ്പര്‍ശിയ ജീവിതകഥ ശ്രദ്ധിക്കപ്പെട്ടു.
കുടുംബത്തോടുള്ള കടമ നിര്‍വഹിയ്ക്കാന്‍ ആവുന്നത്ര കഷ്ടപ്പെടുകയാണ് ഇദ്ദേഹം. ഈ കഷ്ടപ്പാടുകളിലെല്ലാം പ്രതിഫലിയ്ക്കുന്നത് അടങ്ങാത്ത സ്നേഹമാണ്. പല കുടുംബങ്ങളിലും അന്യം വന്നുകൊണ്ടിരിയ്ക്കുന്ന സ്നേഹം ആവോളമുണ്ട് ഈ മനുഷ്യനില്‍.
ആറ് വര്‍ഷം മുമ്പ് മരിച്ചു പോയതാണ് ദേസ് രാജിന്റെ ഒരു മകന്. രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ മകന് മരണത്തെ സ്വയം വരിച്ചു. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം എല്ലാം പ്രായമേറിയ ഈ മനുഷ്യന്റെ ചുമലിലായി. ഭാര്യയേയും മരുമക്കളേയും അവരുടെ മക്കളേയും പൊന്നുപോലെ കരുതകയാണ് ഇദ്ദേഹം. അവര്‍ക്കായാണ് സ്വന്തം ആരോഗ്യസ്ഥിതി പോലും മറന്ന് കഷ്ടപ്പെടുന്നതും.
പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി ദേശ് രാജ് ഒരു വര്‍ഷം മുമ്പ് സ്വന്തം വീട് വിറ്റു. ഭാര്യയേയും മരുമക്കളേയും പേരക്കുട്ടികളേയും ഒരു ബന്ധുവിന്റെ വീട്ടിലാക്കി. രാപ്പകല്‍ ഓട്ടോ ഓടിയ്ക്കുന്ന ദേസ് രാജിന്റെ ഊണും ഉറക്കവുമെല്ലാം നിലവില്‍ ഓട്ടോറിക്ഷയില്‍ തന്നെ. മുത്തച്ഛന്റെ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് പേരക്കുട്ടികള്‍ പഠനം നിര്ത്തട്ടേയമെന്ന് പല തവണ ചോദിച്ചിട്ടുണ്ട്. എന്നാല്‍ അതിന് സമ്മതിയ്ക്കാതെ ഇഷ്ടമുള്ള അത്രേയും പഠിയ്ക്കണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുകയാണ് ഈ മുത്തച്ഛന്.
ബിഎഡിന് പഠിയ്ക്കുകയാണ് പേരക്കുട്ടികളില്‍ ഒരാള്‍. പേരക്കുട്ടിയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ എണ്‍പത് ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ചിരുന്നു. റിസള്‍ട്ട വന്ന ദിവസം ഓട്ടോറിക്ഷയില്‍ കയറിയ എല്ലാവര്ക്കും സൗജന്യ യാത്ര നല്‍കിയാണ് ഈ മുത്തച്ഛന് സന്തോഷം പങ്കിട്ടത്. പേരക്കുട്ടി ഒരു അധ്യാപികയായി വരുന്ന ദിവസം അഭിമാനപൂര്‍വ്വം ചേര്‍ത്തു നിര്‍ത്തണമെന്നാണ് ഈ മുത്തച്ഛന്റെ ആഗ്രഹം.
ദേശ് രാജിന്റെ കഥ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ നിരവധിപ്പേരാണ് അദ്ദേഹത്തെ സഹായിക്കാനായി എത്തുന്നതും. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും അതിനെയെല്ലാം ചെറിയൊരു പുഞ്ചിരിയോടെ അതിജീവിക്കുകയാണ് ഈ സ്നേഹനിധിയായ മനുഷ്യന്…
Story highlights: Mumbai Man Sold His House and Sleeps In His Auto