മകളുടെ വിവാഹത്തിനുള്ള സ്വർണം ട്രെയിനിൽ മറന്ന് വെച്ച് നാദിർഷായും കുടുംബവും- കണ്ടെത്തി തിരികെയേൽപ്പിച്ച് റെയിൽവേ ഉദ്യോഗസ്ഥർ

February 12, 2021

വിവാഹാവശ്യത്തിനായി കരുതിവയ്ക്കുന്ന സ്വർണവും പണവും നഷ്ടമാകുന്നതും, മറന്നു വെക്കുന്നതുമായ ധാരാളം വാർത്തകൾ സ്ഥിരമായി കാണാറുള്ളതാണ്. പലരുടെയും നല്ല മനസും ഇത്തരം അവസരങ്ങളിലാണ് കാണാൻ സാധിക്കുക. ഇപ്പോഴിതാ, ഇതേ അവസ്ഥ നേരിട്ടിരിക്കുകയാണ് സംവിധായകൻ നാദിർഷാ. കഴിഞ്ഞ ദിവസമായിരുന്നു നാദിർഷായുടെ മകൾ അയിഷയുടെ വിവാഹം. കുറച്ചുദിവസങ്ങളായി വിവാഹാഘോഷങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ, ആഘോഷപൂർവ്വം നടന്ന വിവാഹ ചടങ്ങിന്റെ സന്തോഷം റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് നഷ്ടമാകാതിരുന്നത്.

വ്യാഴാഴ്ച രാവിലെയാണ് മകൾ അയിഷയുടെ നിക്കാഹിനായി നാദിർഷായും കുടുംബവും മലബാർ എക്സ്പ്രസ്സിൽ കാസർഗോഡ് എത്തിയത്. എന്നാൽ, ട്രെയിനിൽ നിന്നും ഇറങ്ങിയതിന് ശേഷമാണ് സ്വർണമടങ്ങിയ പെട്ടി ട്രെയിനിൽ മറന്നുവെച്ചതായി ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു.

അപ്പോൾത്തന്നെ നാദിർഷാ കാസർകോട് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിനെ വിവരം അറിയിച്ചു.എ-വൺ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരനെ വിവരം അറിയിച്ചു. കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ എത്തിയപ്പോൾ സീറ്റിനടിയിൽ നിന്നും ബാഗ് കണ്ടെത്തി. ഈ സമയം കോച്ചിൽ മറ്റാരും ഇല്ലാതിരുന്നതാണ് ഭാഗ്യമായത്.

വണ്ടിയിൽ സ്പെഷ്യൽ ചെക്കിങ്ങിനെത്തിയ ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേശനും ബാഗ് ഏൽപ്പിച്ചു. ട്രെയിൻ മംഗലാപുരമെത്തിയപ്പോൾ നാദിർഷായുടെ ബന്ധു റോഡുമാർഗമെത്തി സ്വർണമടങ്ങിയ ബാഗ് കൈപ്പറ്റുകയായിരുന്നു.

Story highlights- Nadirshah recovers lost bag with gold