ഉപയോഗശൂന്യമായില്ല; അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളോടെ പഴയ സ്കൂൾ ബസ്, ഇത് മാതൃകാപരമായ മാറ്റം

February 9, 2021
old school bus converted to open theatre

പലപ്പോഴും ഉപയോഗശൂന്യമെന്ന് കരുതി നാം വലിച്ചെറിയുന്ന പലതിൽ നിന്നും മനോഹരമായ നിർമിതികൾ ഉയർന്നുവരാറുണ്ട്. അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു സ്കൂൾ ബസിൽ ഒരുങ്ങിയ അത്ഭുതമാണ് ഇപ്പോൾ കാഴ്ചക്കാരുടെ മുഴുവൻ മനം കവരുന്നത്. പഞ്ചാബിലെ പരോവാൾ എന്ന ഗ്രാമത്തിലെ ഒരു സ്കൂളിലാണ് ഈ കാഴ്ചകൾ ഒരുങ്ങിയിരിക്കുന്നത്. പഴയ ഒരു സ്കൂൾ ബസിനെ സുന്ദരമായ ഒരു ഗ്യാലറിയാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ.

ഒരു പഴയ ബസിനെ ഇത്രയധികം മനോഹരമാക്കാൻ കഴിയുമോ എന്ന ചിന്തയാണ് പലരിലും ഈ കാഴ്ചകൾ മുന്നോട്ട് വയ്ക്കുന്നത്. ഓപ്പൺ എയർ തിയേറ്റർ, മ്യൂസിയം, പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളൊക്കെ ഈ ബസിനകത്ത് ഒരുക്കിയിട്ടുണ്ട്. അതേസമയം ഇരുപത് വർഷങ്ങളുടെ പഴക്കം ഉണ്ടായിട്ടും ഈ ബസിനെ ഉപേക്ഷിക്കാൻ കഴിയാത്തതിന് പിന്നിൽ മറ്റൊരു കഥകൂടിയുണ്ട്.

ദവോബ പബ്ലിക് സ്കൂളിന്റെ തുടക്കകാലത്ത് ഈ സ്കൂളിന്റെ സ്ഥാപകൻ ലോൺ എടുത്ത് വാങ്ങിയതാണ് ഈ ബസ്. ആദ്യകാലത്ത് ഇവിടെ അധികം കുട്ടികൾ ഉണ്ടായിരുന്നില്ല. എന്നാൽ കാലങ്ങൾ കഴിഞ്ഞതോടെ അവിടെയുള്ള വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു. സ്കൂളിന്റെ പേരും പ്രശസ്തിയും വർധിച്ചു. അങ്ങനെ സ്കൂളിൽ അമ്പതോളം പുതിയ ബസുകളും വാങ്ങി. ഇതോടെ കാലപ്പഴക്കം വന്ന ആദ്യ ബസ് സ്കൂളിന്റെ ഒരു ഭാഗത്തേക്ക് മാറ്റപ്പെട്ടു. പക്ഷെ സ്കൂൾ അധികൃതർക്ക് ഇരുപത് വർഷത്തോളം കൂടെയുണ്ടായിരുന്ന ഈ ബസുമായി ഇതിനോടകം അഗാധമായ ഒരു മാനസീക ബന്ധം വളർന്നിരുന്നു. അതുകൊണ്ടുതന്നെ ഈ ബസിനെ ഉപേക്ഷിക്കുക എന്നത്, ഇവിടെയുള്ളവരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. അങ്ങനെ വർഷങ്ങളോളം തങ്ങളോടൊപ്പമുണ്ടായിരുന്ന ബസിനെ ഒഴിവാക്കാൻ കഴിയാതെ വന്നതോടെ ഉയർന്നുവന്ന ആശയമാണ് ബസ് പവലിയൻ.

Read also:കൊവിഡിനോട്‌ പോരാടിയത് പത്തുമാസം; നാലുവയസുകാരിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി ആശുപത്രി ജീവനക്കാർ- വീഡിയോ

മനോഹരമായ ഒരു സ്‌പേസ് ഗ്യാലറിയ്ക്ക് സമാനമായാണ് ഈ ബസിനെ രൂപകൽപ്പന ചെയ്തത്. കാലങ്ങൾ എടുത്താണ് ഈ ബസിനെ ഇത്തരത്തിൽ മനോഹരമായ ഗ്യാലറിയാക്കി മാറ്റിയത്. അതേസമയം സാധാരണ ഉപയോഗശൂന്യമായ വസ്തുക്കൾ റീസൈക്കിൾ ചെയ്ത് പുതിയ രൂപത്തിലേക്ക് മാറ്റുന്നതിന് പകരം അപ്‌സൈക്കിളിംഗ് പ്രക്രീയയിലൂടെയാണ് പുതിയ രൂപത്തിലേക്ക് മാറ്റിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മാതൃകാപരമായ ഒരു മാറ്റമാണ് ഈ വാഹനത്തിന് സ്കൂൾ അധികൃതർ നൽകിയിരിക്കുന്നത്.

Story Highlights:old school bus converted to open theatre