രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യാനൊരുങ്ങി മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’

February 13, 2021

മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. വളരെ ശക്തമായ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ നടക്കുകയാണ്. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് എത്തുന്നത്. നിർമാണവും രണ്ടായാണ് നടക്കുന്നതെങ്കിലും അധികം കാലതാമസമില്ലാതെ ഇരുഭാഗങ്ങളും പ്രേക്ഷകരിലേക്ക് എത്തും.

മാർച്ചിൽ ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകുമെന്നും പാർട്ട് 2 ന്റെ ചിത്രീകരണം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ പൂർത്തിയാകുമെന്നുമാന് റിപ്പോർട്ട്. ഒട്ടേറെ ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസിന് കത്ത് ഒരുവർഷമായി തുടരുന്ന സാഹചര്യത്തിൽ പൊന്നിയിൻ സെൽവന്റെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.

 കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഹൈദരാബാദിലെ ഷൂട്ടിംഗ് പൂർത്തിയായാൽ അടുത്ത ലൊക്കേഷനായ മധ്യപ്രദേശിലേക്ക് സംഘം യാത്ര തിരിക്കും. ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ പാലിച്ച് ഇത്രയധികം താരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമ ചിത്രീകരിക്കുന്നത് മണിരത്നത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Read More: ആറാട്ട് കഴിഞ്ഞു; ഇനി സംവിധാനം- ബറോസിന് തുടക്കമിട്ട് മോഹൻലാൽ

അതുകൊണ്ടു തന്നെയാണ് പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളായി ഒരുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ഭാഗം ലൈക്ക പ്രൊഡക്ഷനുമായി ചേർന്ന് മദ്രാസ് ടോക്കീസ് ​​നിർമ്മിക്കുന്നു. എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം രവിവർമാനാണ്. ചിത്രത്തില്‍ അമിതാഭ്‌ ബച്ചൻ, കീർത്തി സുരേഷ്, വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം, പാർത്ഥിപൻ, സത്യരാജ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.

Story highlights- ponniyin selvan release