ഹൊറർ കോമഡിയുമായി ജാൻവി കപൂറും രാജ്‌കുമാർ റാവുവും- ശ്രദ്ധനേടി ‘റൂഹി’ ട്രെയ്‌ലർ

February 16, 2021

രാജ്‌കുമാർ റാവു, ജാൻവി കപൂർ, വരുൺ ശർമ്മ എന്നിവർ ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രമാണ് റൂഹി. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. ഭയവും രസകരമായ തമാശകളും ഒത്തിണക്കിയ ചിത്രത്തിൽ വേറിട്ട വേഷത്തിലാണ് ജാൻവി കപൂർ. രാജ്കുമാർ റാവുവിന്റെയും ശ്രദ്ധ കപൂറിന്റെയും 2018 ലെ സ്ട്രീ എന്ന ചിത്രത്തിന്റെ തുടർച്ചയായ റൂഹി വളരെ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. ഹർദിക് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമാ തിയേറ്ററുകൾ പൂർണമായും തുറന്നതിന്റെ ആഘോഷത്തിനായി ലോകമെമ്പാടും റൂഹി റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ പറയുന്നത്. ‘സ്ത്രീ’യുടെ വൻ വിജയത്തിന് ശേഷം, അതേ ടീം ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷയേറെയാണ്. മാർച്ച് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2020 ജൂണിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു. മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജനാണ് ചിത്രം നിർമിക്കുന്നത്.

Story highlights- Roohi Trailer