ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം സെക്കന്റ് ഷോ ടീം വീണ്ടും; ‘കുറുപ്പ്’ ഒരുങ്ങുന്നത് അഞ്ച് ഭാഷകളില്‍

February 3, 2021
Second Show team again with Kurup

ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് സെക്കന്റ് ഷോ. ഒമ്പത് വര്‍ഷം കടന്നു ചിത്രം പ്രേക്ഷകരിലേക്കെത്തിയിട്ട്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം സെക്കന്റ് ഷോ ടീം വീണ്ടും ഒന്നിക്കുകയാണ് കുറുപ്പ് എന്ന പുതിയ ചിത്രത്തിലൂടെ. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിയ്ക്കുന്ന പുതിയ ചിത്രമാണ് കുറുപ്പ്.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും. ഈ വര്‍ഷം മെയ് 28 നാണ് കുറുപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

Read more: എഞ്ചിനും സീറ്റും ലൈറ്റും വരെ മധുരിയ്ക്കും; രുചിയിടങ്ങള്‍ കീഴടക്കിയ മോട്ടോര്‍സൈക്കിള്‍ ചോക്ലേറ്റ്

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിനു വേണ്ടിയുള്ള ദുല്‍ഖര്‍ സല്‍മാന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Second Show team again with Kurup