ഇത് മുത്തശ്ശിക്കഥകള്‍ പറയാനും കേള്‍ക്കാനുമുള്ള സംരംഭം

February 5, 2021
spin a yarn online storytelling platform

മുത്തശ്ശിക്കഥകള്‍ എന്നത് ഒരു കാലഘട്ടത്തിലെ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ കൂട്ടുകുടുംബത്തില്‍ നിന്നും മനുഷ്യര്‍ അണുകുടുംബത്തിലേയ്ക്ക് ചേക്കേറിയപ്പോള്‍ പുതുതലമുറയ്ക്ക് മുത്തശ്ശിക്കഥകള്‍ കിട്ടാക്കനിയായി. എന്നാല്‍ കുഞ്ഞുക്കള്‍ക്ക് മുത്തശ്ശിക്കഥകള്‍ കേള്‍ക്കാനും പറയാനുമൊക്കെ അവസരമൊരുക്കുന്ന സംരംഭമാണ് സ്പിന്‍ എ യാണ്‍ അഥവാ SaY.

ശിഖ ഡാല്‍മിയ എന്ന 39 കാരിയും അവരുടെ ഭര്‍തൃമാതാവായ മധുരാധയുമാണ് ഈ സംരംഭത്തിന് പിന്നില്‍. 2018- മുതലാണ് സ്പിന്‍ എ യാണ്‍ എന്ന സംരംഭത്തിന് തുടക്കമാകുന്നത്. ഈ സംരംഭത്തിന്റെ പിറവിയെക്കുറിച്ച്…. കൊച്ചുമക്കള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു മധുരാധ. അത് അവരുടെ ഭാഷാപരമായ അറിവുകള്‍ പോലും വര്‍ധിപ്പിച്ചു എന്ന് ശിഖ പറയുന്നു. എല്ലാവര്‍ക്കും കേട്ട് പരിചിതമായ കഥകളാണ് മധുരാധ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതെങ്കിലും അതില്‍ എല്ലായ്‌പ്പോഴും ചില പുതിയ ട്വിസ്റ്റുകല്‍ കൂടി ഉള്‍പ്പെടുത്തി.

അങ്ങനെയിരിയ്‌ക്കെ മധുരാധ കുറച്ചു മാസങ്ങള്‍ യുഎസിലേയ്ക്ക് പോയി. ഈ സമയത്ത് ശിഖയുടെ മക്കള്‍ക്ക് കഥകള്‍ മിസ് ചെയ്തു. അങ്ങനെ കുട്ടികളുടെ ആഗ്രഹപ്രാകരം മധുരാധ കഥകള്‍ റെക്കോര്‍ഡ് ചെയ്ത് അയച്ചു. ആ കഥകള്‍ കുട്ടികള്‍ക്ക് പുതിയ വാക്കുകളേയും ലോകങ്ങളേയുമെല്ലാം പരിചയപ്പെടുത്തി.

ഈ അനുഭവത്തില്‍ നിന്നുമാണ് സ്പിന്‍ എ യാണ്‍ എന്ന സംരംഭത്തിന് തുടക്കം കുറിയ്ക്കുന്നത്. ഒരു ഓണ്‍ലൈന്‍ പ്ലാറ്റഫോമാണ് സ്പിന്‍ എ യാണ്‍ (SaY). ഇരുപത്തിരണ്ട് ഭാഷകളില്‍ ഇവിടെ മുത്തശ്ശിക്കഥകള്‍ ലഭിയ്ക്കും. പ്രാരംഭത്തില്‍ മധുരാധയ്ക്ക് ഒപ്പം ശിഖയുടെ മറ്റ് ചില ബന്ധുക്കളും സുഹൃത്തുക്കളുടെ അമ്മമാരും ഒക്കെയാണ് കഥ പറയാന്‍ ഉണ്ടായിരുന്നത്. പിന്നീട് ആ സംരംഭം വളര്‍ന്നു. നിലവില്‍ 120 പേരാണ് SaY-ല്‍ കഥകള്‍ പറയുന്നത്.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും സ്പിന്‍ എ യാണ്‍ തങ്ങളുടെ സേവനം വര്‍ധിപ്പിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു. അതുപോലെ തന്നെ ഭാഷകളുടെ എണ്ണം വര്‍ധിപ്പിയ്ക്കാനും ഇവര്‍ ശ്രമിയ്ക്കുന്നുണ്ട്.

Story Highlights: spin a yarn online storytelling platform