സ്ത്രീകൾ പേടിയോടെ കണ്ടിരുന്ന ഫെബ്രുവരി 14; അറിയാം പ്രണയദിനത്തിന് പിന്നിലെ ചില കഥകൾ
ചിലപ്പോൾ ഒരു ചെറു പുഞ്ചിരിയോ, ഒരു മിഴിയനക്കമോ മാത്രം മതി പ്രണയങ്ങള്ക്കൊരു ജീവിതകാലം മുഴുവന് എരിഞ്ഞു കൊണ്ടേയിരിക്കാന്… പ്രണയം അത്രമേൽ മനോഹരമാണ്. പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ദിനമാണ് ഫെബ്രുവരി 14 വാലന്റൈൻസ് ഡേ. പ്രണയ ദിനത്തിൽ പ്രാണസഖിയെ പ്രണയ സമ്മാനങ്ങളും സ്നേഹചുംബനങ്ങളും കൊണ്ട് ആലിംഗനം ചെയ്യുന്നവർ അറിയണം പ്രണയദിനത്തിന് പിന്നിലെ ചില കഥകളെക്കുറിച്ച്..
‘ഫീസ്റ്റ് ഓഫ് ലൂപ്പർകാലിയ’- ഇവിടെ നിന്നാണ് വാലെന്റൈൻസ് ഡേയുടെ ആരംഭം. റോമാക്കാരുടെ ഒരു ഉത്സവമായിരുന്നു ‘ഫീസ്റ്റ് ഓഫ് ലൂപ്പർകാലിയ’. റോമാക്കാർ വസന്ത ഋതുവിനെ വരവേൽക്കാനായി നടത്തിയിരുന്നൊരു ആഘോഷമായിരുന്നു ഇത്. ഈ ദിനത്തിൽ ഇവിടുത്തുകാർക്കിടയിൽ വളരെ വിചിത്രമായ ഒരു ആചാരം നിലനിന്നിരുന്നു. ഈ ദിനത്തിൽ ആടുകളെ ഇവർ ദൈവങ്ങൾക്ക് ബലികൊടുക്കും. അതിനുശേഷം അതിന്റെ തോലുരിഞ്ഞെടുത്ത് കൂട്ടത്തിലുള്ള സ്ത്രീകളെ അതുപയോഗിച്ച് ക്രൂരമായി അടിക്കും. അത് അവരുടെ പ്രത്യുത്പാദനശേഷി വർധിപ്പിക്കുമെന്നായിരുന്നു ആ നാട്ടിലെ ആളുകൾക്കിടയിൽ നിലനിന്നിരുന്ന വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദിനത്തെ ആ നാട്ടിലെ സ്ത്രീകൾ ഏറ്റവും പേടിയോടെ കണ്ടിരുന്ന ഒരു ദിവസമായിരുന്നു.
അതിനൊപ്പം തന്നെ ആ കാലത്ത് നിലനിന്നിരുന്ന മറ്റൊരു വിശ്വാസമാണ് ബ്ലൈൻഡ് ഡേറ്റ്. ഒരു കുട്ടയിൽ അന്നാട്ടിലെ യുവതീയുവാക്കളുടെ പേരുകളെല്ലാം എഴുതിയിടും. ശേഷം അതിൽ നിന്നും നറുക്കെടുത്ത് അവരെ ജോഡികളാക്കും. ആ ജോഡികൾ ഉത്സവത്തിന്റെ അവധിക്കാലം ഒന്നിച്ചു ചെലവിടണം. അവധിക്കാലം കഴിഞ്ഞിട്ടും പരസ്പരം ആകർഷണം നിലനിൽക്കുന്നവർ തമ്മിൽ വിവാഹം കഴിക്കണം ഇതായിരുന്നു ഇവിടുത്തുകാരുടെ വിശ്വാസം.
വാലന്റൈൻ എന്ന പേര് കടന്നുവരുന്നത് AD അഞ്ചാം നൂറ്റാണ്ടോടെയാണ്….ഈ കാലഘട്ടത്തിൽ അവിടെ ഭരിച്ചിരിക്കുന്ന പോപ്പ് ഗെലാഷ്യസ് ആണ് ഫെബ്രുവരി പതിനാലിന് വാലന്റൈൻസ് ഡേ എന്ന പേരിട്ടത്. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് തൂക്കിലേറ്റിയ വ്യക്തിയാണ് വാലൻന്റൈൻ. കത്തോലിക്ക സഭയുടെ ബിഷപ്പായിരുന്നു അദ്ദേഹം.
ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്ത് അദ്ദേഹം അന്നാട്ടിൽ വിവാഹം നിരോധിച്ചു. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും പറഞ്ഞുകൊണ്ടാണ് ചക്രവർത്തി അവിടെ വിവാഹം നിരോധിച്ചത്.
Read also:അത്ഭുതപ്പെടുത്തുന്ന രൂപഭംഗിയിൽ ഒരുങ്ങിയ കിണർ; പിന്നിൽ പ്രിയതമനോടുള്ള സ്നേഹവും, മനോഹരം ഈ പ്രണയോപഹാരം
പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. ഈ വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. അവിടെ നിന്നും ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകൾക്ക് നിരവധി കാര്യങ്ങളെക്കുറിച്ചുള്ള അറിവ് പകർന്ന് നൽകി. ഒപ്പം അവളുടെ കണ്ണുകളിൽ വെളിച്ചവും പകർന്നു. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഇതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. ഇതിന് പുറമെ ഇനിയും നിരവധി കഥകൾ പറയാനുണ്ട് ഈ പ്രണയദിനത്തിൽ.
Story Highlights: stories behind valentines day