പ്രണയചാരുതയില്‍ ‘ആഹാ’യിലെ ഗാനം
മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ആഹാ’. വടംവലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ മനോഹരമായ ഒരു പ്രണയഗാനം. സയനോര ഫിലിപ്പും വിജയ് യേശുദാസും ചേർന്നുപാടിയ ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് സയനോര തന്നെയാണ്.
റബ്ബര്‍ ടാപ്പിങ്, കാറ്ററിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്നവരെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ കഥ എന്നാണ് സൂചന. വടംവലി ഇവരുടെ ജീവിതത്തെ സൂപ്പര്‍ സ്റ്റാറുകളാക്കുന്നു. അതേസമയം കേരളത്തിലെതന്നെ ഏറെ പ്രശസ്തമായ വടംവലി ടീമാണ് കോട്ടയം നീലൂരിലെ ആഹാ. തൊണ്ണൂറുകളില്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ ടീം. വടംവലിക്കൊപ്പം പ്രണയത്തിനും ചിത്രത്തില്‍ പ്രാധാന്യം ഉണ്ടെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടും ഇത് ശരിവയ്ക്കുന്നു.
പ്രേം എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധായകന് ബിബിന്‍ പോള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായെത്തുന്നത്. അമിത് ചക്കാലക്കല്‍, അശ്വിന് കുമാര്‍, മനോജ് കെ ജയന്, മേഘ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ആഹാ.
Story highlights: Thandodinja Thamara song from Aaha movie