വാഹനമിടിച്ച് ഗര്‍ഭിണിയായ പൂച്ചയ്ക്ക് ജീവന്‍ നഷ്ടമായി, സിസേറിയനിലൂടെ നാല് പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന് യുവാവ്

February 8, 2021
Young man rescued four kittens from dead cat

സമൂഹമാധ്യമങ്ങളില്‍ കുറച്ചു ദിവസങ്ങളായി നിറയുന്നത് ഒരു സ്‌നേഹവാര്‍ത്തയാണ്. നാല് പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന ഹരിദാസ് എന്ന ചെറുപ്പക്കാരനെക്കുറിച്ചുള്ളതാണ് ഈ വാര്‍ത്തകളൊക്കേയും. ദേശീയപാതയില്‍ വാഹനമിടിച്ച് ജീവന്‍ വെടിയേണ്ടി വന്ന അമ്മ പൂച്ചയ്ക്ക് സിസേറിയന്‍ നടത്തി; കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് കരകയറ്റിയാണ് ഹരിദാസ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ദേശീയ പാതയില്‍ പൂച്ചയെ വാഹനമിടിച്ചത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാം പരത്തിയിലാണ് സംഭവം. ഇതുവഴി വന്ന ഹരിദാസ് നടുറോഡില്‍ പുച്ച് കിടക്കുന്നത് കണ്ടു. പൂച്ചയെ റോഡരികിലേയ്ക്ക് മാറ്റി വയ്ക്കുന്നതിനിടെയാണ് പൂച്ച ഗര്‍ഭിണിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. പൂച്ചയുടെ വയറ്റില്‍ കുഞ്ഞുങ്ങള്‍ അനങ്ങുന്നുണ്ടെന്ന് മനസ്സിലാക്കിയ ഹരിദാസ് സിസേറിയന്‍ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുക്കാന്‍ തീരുമാനിച്ചു.

Read more: രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍…?; വ്യക്തമായ മറുപടി രസകരമായി പറഞ്ഞ് പി സി ജോര്‍ജ്ജ്

സമീപത്തുള്ള കടയില്‍ നിന്നും പുതിയൊരു ബ്ലേഡ് വാങ്ങി അതുപയോഗിച്ചാണ് വയര്‍ കീറി നാല് പൂച്ചക്കുഞ്ഞുങ്ങളേയും പുറത്തെടുത്തത്. പ്രാഥമിക ശുശ്രൂകളും നല്‍കി അദ്ദേഹം പൂച്ചക്കുഞ്ഞുങ്ങള്‍ക്ക്. തുടര്‍ന്ന് ഹരിദാസ് പൂച്ചക്കുഞ്ഞുങ്ങളെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. സ്‌പോഞ്ച് നിരത്തിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സുരക്ഷിതരാണ് നിലവില്‍ പൂച്ചക്കുഞ്ഞുങ്ങള്‍. കൃത്യമായ ഇടവേളകളില്‍ ലാക്ടോജന്‍ കലക്കി സിറിഞ്ചിലൂടെ പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്നുണ്ട്.

മതിലകം തൃപ്പേക്കുളം സ്വദേശിയാണ് ഹരിദാസ്. ഇരുപത് വര്‍ഷത്തോളമായി പാമ്പുപിടുത്തത്തില്‍ സജീവമാണ് ഇദ്ദേഹം. ആംബുലന്‍സ് ഡ്രൈവറായും സേവനമനുഷ്ടിച്ചുണ്ട്. എന്തായാലും ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഹരിദാസിന്റെ ഈ സത്പ്രവൃത്തി.

Story highlights:  Young man rescued four kittens from dead cat