നായകനും സംവിധായകനുമായി മോഹൻലാൽ; ‘ബറോസി’ന് ഫോർട്ട് കൊച്ചിയിൽ തുടക്കമായി

മോഹൻലാലിൻറെ സ്വപ്ന പദ്ധതിയാണ് ബറോസ്. കാക്കനാട് നവോദയ സ്റ്റുഡിയോയിൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ, സിനിമയുടെ ചിത്രീകരണത്തിന് ഫോർട്ട് കൊച്ചിയിൽ തുടക്കമായിരിക്കുകയാണ്. ചിത്രത്തിൽ ബറോസ് എന്ന ഭൂതത്തിന്റെ വേഷത്തിലും സിനിമയുടെ സംവിധായകനായ മോഹൻലാൽ എത്തുന്നുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. കൊച്ചിയിലെ ചിത്രീകരണത്തിന് ശേഷം ഗോവയിലേക്ക് ബറോസ് ടീം യാത്രയാകും.

ഒട്ടനവധി സ്പാനിഷ് താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.പാസ് വേഗ, ഷൈല മക്കഫേ, റാഫേൽ അമർഗോ, സീസർ‍ ലൊറന്‍റേ, പത്മാവതി റാവു, പെഡ്രോ ഫിഗരെദോ, ജയചന്ദ്രൻ പാലാഴി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പുറമെ പൃഥ്വിരാജ്, പ്രതാപ് പോത്തൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read More: റിലീസിന് ഒരുങ്ങി ‘അനുഗ്രഹീതൻ ആന്റണി’- ശ്രദ്ധനേടി സെക്കൻഡ് ട്രെയ്‌ലർ

അതേസമയം, ആദ്യമായി സംവിധായകന്റെ തൊപ്പി ധരിക്കുമ്പോൾ മോഹൻലാലിനും ബറോസിനും ആശംസാപ്രവാഹമാണ്. പൂജ ചടങ്ങുകളിൽ മമ്മൂട്ടി, പ്രിയദർശൻ, ദിലീപ്, സത്യൻ അന്തിക്കാട്, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, സിബി മലയിൽ തുടങ്ങിയവർ സജീവ സാന്നിധ്യമായിരുന്നു. അമിതാഭ് ബച്ചൻ, സുരേഷ് ഗോപി തുടങ്ങിയവർ ആശംസ അറിയിച്ചു രംഗത്തെത്തി.

Story highlights- baroz movie shooting started