പിറന്നാള്‍ ദിനത്തില്‍ ഉടുപ്പി രാമചന്ദ്ര റാവുവിന് ഗൂഗിളിന്‍റെ ആദരം

March 10, 2021
Google Doodle honours ‘India’s Satellite Man’ Udupi Ramachandra Rao

ഉടുപ്പി രാമചന്ദ്രറാവുവിന് പിറന്നാള്‍ ആദരമായി പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. ശാസ്ത്രലോകത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുള്ള ഉടുപ്പി രാമചന്ദ്ര റാവുവിന്റെ പിറന്നാള്‍ ദിനം മാര്‍ച്ച് 10-നാണ്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ ഉടുപ്പി രാമചന്ദ്ര റാവു; യു ആര്‍ റാവു എന്നാണ് അറിയപ്പെടുന്നത്.

യു ആര്‍ റാവുവിന്റെ 89-ാം ജന്മദിനമായിരുന്നു 2021 മാര്‍ച്ച് 10. ഭൂമിയുടേയും നക്ഷത്രങ്ങളുടേയും പശ്ചാത്തലത്തിലുള്ള യു ആര്‍ റാവുവിന്റെ രേഖചിത്രമാണ് ഈ ദിനത്തില്‍ ഗൂഗിള്‍ ഡൂഡിലായി മാറിയത്. 1932-ല്‍ കര്‍ണാടകയിലെ അദമാറുവിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഉടുപ്പി ക്രിസ്ത്യന്‍ ഹൈസ്‌കൂളില്‍ നിന്നും സെക്കന്ററി വിദ്യാഭ്യാസം നേടിയ യു ആര്‍ റാവു ബി.എസ്.സി, എം.എസ്,സി യോഗ്യതകളും നേടി.

Read more: ചിരിക്കാന്‍ മടിച്ചിരുന്ന കാലത്ത് അവിചാരിതമായി കണ്ട വിഡിയോ; പിന്നെ ചിരി ജീവിതത്തിന്റെ ഭാഗമായി- കടല്‍ കടന്നെത്തി ചിരിയും പാട്ടും നൃത്തവുമായി സി. കാര്‍മല്‍

കോസ്മിക് റേ ശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് അദ്ദേഹം കരിയര്‍ ജീവിതം ആരംഭിച്ചത്. ഡോ വിക്രം സാരാഭായുടെ കീഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ മുന്‍ ചെയര്‍മാനായിരുന്ന യു ആര്‍ റാവു ഇന്ത്യയുടെ സാറ്റ്‌ലൈറ്റ്മാന്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ബഹിരാകാശ സാങ്കേതിക വിദ്യ വികസിപ്പിയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തികളില്‍ ഒരാള്‍ക്കൂടിയാണ് അദ്ദേഹം.

1976-ല്‍ പത്മഭൂഷന്‍ ബഹുമതിയും 2017-ല്‍ പത്മ വിഭൂഷന്‍ ബഹുമതിയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സാറ്റ്‌ലൈറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനും ഉടുപ്പി രാമചന്ദ്ര റാവുവാണ്. 2017 ജൂലൈ 24 ന് തന്റെ 85-ാം വയസ്സില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി.

Story highlights: Google Doodle honours ‘India’s Satellite Man’ Udupi Ramachandra Rao