കീർത്തി സുരേഷ് നായികയാകുന്ന ‘ഗുഡ്‌ ലക്ക് സഖി’യുടെ റിലീസ് പ്രഖ്യാപിച്ചു

Keerthy Suresh Good luck Sakhi release

തെന്നിന്ത്യൻ സൂപ്പർതാരം കീർത്തി സുരേഷ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ഗുഡ് ലക്ക് സഖിയുടെ റിലീസ് പ്രഖ്യാപിച്ചു. കീർത്തി സുരേഷ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ജൂൺ മൂന്നിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും മലയാളം തമിഴ് തുടങ്ങി ബഹുഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ആദി പിനിഷെട്ടിയാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. രാഹുല്‍ രാമകൃഷ്ണ, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നാഗോഷ് കുകുനൂര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സുധാര്‍ ചന്ദ്ര പാതിരിയാണ് സിനിമയുടെ നിര്‍മാണം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഗ്രാമീണ കഥാപാത്രമായ സഖിയുടെ ജീവിതത്തിലെ പ്രതിസന്ധികളും ഉയർച്ചയുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തിൽ കീർത്തി അവതരിപ്പിക്കുന്ന കഥാപാത്രമാണ് സഖി.

അതേസമയം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് മലയാളം ടീസര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തമിഴ് ടീസര്‍ വിജയ് സേതുപതിയും തെലുങ്ക് ടീസര്‍ പ്രഭാസും ആരാധകര്‍ക്കായി പങ്കുവെച്ചു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്.

Read also: ഇതാണ് മണ്ണിന്റെ മനുഷ്യൻ; കൊടുംതണുപ്പിലും കൃഷിയിടത്തിൽ പണിയെടുത്ത് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരത്തിന്റേതായി ചിത്രീകരണം പൂർത്തിയായ ചിത്രമാണ് രംഗ് ദേ. മാർച്ച് 26 ന് ചിത്രം റിലീസ് ചെയ്യും. നിതിൻ നായകനാകുന്ന സിനിമ ദുബായിലാണ് ചിത്രീകരിച്ചത്. ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘ആദിപുരുഷ്’, സർക്കാരു വാരി പാട്ട തുടങ്ങിയ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Story Highlights: Keerthy Suresh Good luck Sakhi release