‘സഖി ഇനി എന്നും എന്റെ ഭാഗമാണ്’- ‘ഗുഡ് ലക്ക് സഖി’യുടെ ചിത്രീകരണം പൂർത്തിയാക്കി കീർത്തി സുരേഷ്

September 9, 2020

കീർത്തി സുരേഷ് നായികയായ ‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ട്വിറ്ററിലൂടെ കീർത്തി സുരേഷാണ് ചിത്രീകരണം അവസാനിച്ചതായി പങ്കുവെച്ചത്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമെന്നും താരം കുറിക്കുന്നു.

‘ഈ മനോഹരമായ ടീമിന് വളരെയധികം നന്ദി. നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് വളരെ സന്തോഷകരമായിരുന്നു. സഖി ഇനി എന്നും എന്റെ ഭാഗമാണ്’ കീർത്തി സുരേഷ് കുറിക്കുന്നു. നടൻ ആദി, ജഗപതി ബാബു എന്നിവരും വേഷമിടുന്ന ഗുഡ് ലക്ക് സഖി ഒരു സ്പോർട്സ് ചിത്രമാണ്.

സന്ദീപ് രാജ് ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിരാന്തൻ ദാസാണ് ക്യാമറ. തെലുങ്ക് ചിത്രമായ ഗുഡ് ലക്ക് സഖി തമിഴിലും മലയാളത്തിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഗ്രാമീണ കഥാപാത്രമായ സഖിയുടെ ജീവിതത്തിലെ പ്രതിസന്ധികളും ഉയർച്ചയുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

തമിഴ് ത്രില്ലറായ ‘പെൻഗ്വിൻ’ എന്ന സിനിമയിലാണ് അവസാനമായി കീർ‌ത്തി നായികയായത്. അടുത്തതായി രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻ‌താര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. അതേസമയം, പ്രഭാസിന്റെ നായികയായി ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുന്നത് കീർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്.

Story highlights- Keerthy Suresh wrapped up the shoot of her upcoming film ‘Good Luck Sakhi