ജ്യോതിക ആകാനൊരുങ്ങി ജോർജുകുട്ടിയുടെ റാണി; ‘ദൃശ്യം 2’ ലൊക്കേഷനിൽ വീണ്ടും മീന എത്തിയപ്പോൾ…
മലയാളി പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. അടുത്തിടെയാണ് സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്കെത്തിയത്. രണ്ടാം ഭാഗവും ഇരുകൈകളും നീട്ടിയാണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്. മോഹൻലാലിനൊപ്പം ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തിയ താരമാണ് തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രിയ താരം മീന. ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യയായി മികച്ച പ്രകടനമാണ് മീന കാഴ്ചവെച്ചത്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പോലെത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ചിത്രത്തിന്റെ ലൊക്കേഷനും. തൊടുപുഴയിലാണ് സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത്. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ വീണ്ടും എത്തിയ മീനയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമയുടെ തെലുങ്ക് പതിപ്പിന് വേണ്ടിയാണ് താരം വീണ്ടും തൊടുപുഴയിൽ എത്തിയത്. തെലുങ്ക് പതിപ്പിലും തൊടുപുഴ തന്നെയാണ് ലൊക്കേഷൻ.
Read also:അലിഗഢിൽ നിന്നും ഓസ്ട്രേലിയയിലേക്ക്; പത്രവിതരണക്കാരൻ കമ്പനി സ്ഥാപകനായ കഥ, പ്രചോദനമാണ് ആമിർ
വെങ്കടേഷ് ദഗുബാട്ടിയാണ് ചിത്രത്തിൽ നായകനായി വേഷമിടുന്നത്. അതേസമയം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ ഭാഗമാകാൻ വീണ്ടും സാധിച്ചതിന്റെ സന്തോഷത്തിലാണ് മീനയും. മലയാളത്തിൽ റാണി എന്നായിരുന്നു മീനയുടെ കഥാപാത്രത്തിന്റെ പേര്, ചിത്രം തെലുങ്കിൽ എത്തുമ്പോൾ ജ്യോതി എന്നാണ് മീനയുടെ പേര്.
അതേസമയം അഭിനയലോകത്തേക്ക് ബാലതാരമായി എത്തിയ താരമാണ് മീന. സാന്ത്വനം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് മീനയുടെ സിനിമ പ്രവേശനം. പിന്നീട് സിനിമയിൽ സജീവമായ താരം പല സൂപ്പർതാരങ്ങളുടെയും മകളായും, നായികയായുമെല്ലാം വെള്ളിത്തിരയിൽ മിന്നിത്തിളങ്ങി. മോഹൻലാലിന്റെ ഒപ്പം ഏറ്റവും അധികം അഭിനയിച്ച നായികമാരിൽ ഒരാളാണ് മീന.
Story Highlights:meena joins the sets of drishyam-2 again