സഹോദരന്മാർ ഒന്നിക്കുന്നു- സെൽവരാഘവന്റെ സംവിധാനത്തിൽ ധനുഷ് നായകനാകുന്ന ‘നാനെ വരുവേൻ..’

March 31, 2021

ധനുഷും സഹോദരനും സംവിധായകനുമായ സെൽവരാഘവനും വീണ്ടും ഒന്നിക്കുന്നു. നാനെ വരുവേൻ എന്ന ചിത്രത്തിനായാണ് ഇരുവരും കൈകോർക്കുന്നത്. ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുന്ന അഞ്ചാമത്തെ ചിത്രമാകും നാനെ വരുവേൻ. താൽകാലികമായി ‘എസ് 12’ എന്നായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്.

കലൈപ്പുലി താനുവാണ് ചിത്രം നിർമിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീതം പകരുമ്പോൾ ഛായാഗ്രാഹകനായി അരവിന്ദ് കൃഷ്ണയും ഉണ്ടാകും. ഒരു ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. അതേസമയം, ബാക്കി അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കും.

2024 ൽ പുറത്തിറങ്ങാനിരിക്കുന്ന ആയിരത്തിൽ ഒരുവൻ 2 എന്ന ചിത്രത്തിനായി രണ്ട് സഹോദരന്മാരും കൈകോർക്കുന്നുണ്ട്. ധാരാളം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആവശ്യമുള്ളതുകൊണ്ട് 2024ലേക്ക് ചിത്രം നീളുകയായിരുന്നു. അതേസമയം, ജഗമേ തന്തിരം, കർണൻ, അത്രംഗി രേ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്നത്.

Read More: ചൂണ്ടയില്‍ മീന്‍ കൊത്തുന്നതും കാത്ത് ഫഹദ് ഫാസില്‍; ശ്രദ്ധ നേടി ‘ജോജി’ ടീസര്‍

ഏപ്രിൽ 9നാണ് കർണൻ പ്രദർശനത്തിനെത്തുന്നത്. നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് കർണനിലൂടെയാണ്. ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം. 

Story highlights- nane varuven movie announced