‘എല്ലാം ശെരിയാകുന്നു’- പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫഹദിന്റെ ചിത്രം പങ്കുവെച്ച് നസ്രിയ

ചിത്രീകരണത്തിനിടെ നടൻ ഫഹദ് ഫാസിലിന് പരിക്കേറ്റ് ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. മാർച്ച് രണ്ടിന് നടന്ന അപകടത്തിന് ശേഷം ആരോഗ്യം വീണ്ടെടുക്കുന്ന ഫഹദ് ഫാസിലിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. എല്ലാം ശെരിയാകുന്നു എന്ന ക്യാപ്ഷനൊപ്പമാണ് വീട്ടിൽ വിശ്രമിക്കുന്ന ഫഹദ് ഫാസിലിന്റെ ചിത്രം നടി പങ്കുവെച്ചത്.
മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഫഹദ് ഫാസിലിന് പരിക്കേറ്റത്. മൂക്കിനായിരുന്നു പരിക്ക് പറ്റിയത്. ഇതിനെത്തുടർന്ന് ചിത്രീകരണം അവസാനിപ്പിച്ച് സ്വകാര്യ ആശുപത്രിയിൽ താരം ചികിത്സയിൽ പ്രവേശിച്ചു. പിന്നീട് വീട്ടിലേക്ക് എത്തുകയായിരുന്നു.
മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ ആവശ്യത്തിനായി ഒരു വീട് സെറ്റിട്ടിരുന്നു. വീട് വെള്ളത്തിൽ ഒലിച്ചുപോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിൽ വീടിനു മുകളിൽ നിന്നും ഫഹദ് താഴേക്ക് വീഴുകയായിരുന്നു. സർവൈവൽ ത്രില്ലറാണ് ചിത്രം. രജിഷാ വിജയന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലാണ്. മഹേഷ് നാരായണന്റേതാണ് തിരക്കഥ. മഹേഷ് ആദ്യമായി ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.
ചിത്രത്തിനായി സുഷിന് ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
Story highlights- nazriya sharing fahad’s photo