എൻജോയ് എൻജാമിയ്ക്ക് ചുവടുവെച്ച് പക്രുവിന്റെ മകൾ- ക്യൂട്ട് വീഡിയോ
സംഗീത ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ് എൻജോയ് എൻജാമി എന്ന മ്യൂസിക് വീഡിയോ. ഭൂമിയെക്കുറിച്ച് ഒരു സാമൂഹിക-രാഷ്ട്രീയ സന്ദേശം പങ്കുവയ്ക്കുന്ന ഗാനം സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടി കഴിഞ്ഞു. വിവിധ സിനിമാതാരങ്ങളും വൈറൽ ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ, നടൻ പക്രുവിന്റെ മകൾ ദീപ്തകീർത്തി എൻജോയ് എൻജാമിക്ക് ചുവടുവയ്ക്കുകയാണ്.
ഗിന്നസ് പക്രു തന്നെയാണ് വീഡിയോ പങ്കുവെച്ചത്. നിരവധിപ്പേർ ദീപ്തകീർത്തിയെ അഭിനന്ദിച്ച് എത്തി. മുൻപ് പക്രുവിനൊപ്പം ടിക് ടോക്ക് വീഡിയോകളുമായി ദീപ്തകീർത്തി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. അച്ഛനെപ്പോലെ തന്നെ മകളും ഒരു കലാകാരിയാണെന്ന് പലതവണ തെളിയിച്ചിരുന്നു. ദീപ്ത കീർത്തി വരച്ച ചിത്രങ്ങൾ പക്രു പങ്കുവെച്ചിരുന്നു.
മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. തന്റെ പരിമിതികളെ അതിജീവിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയ വ്യക്തിത്വം കൂടിയാണ് അദ്ദേഹം. അഭിനയവും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാരംഗത്ത് നിറഞ്ഞു നിൽക്കുന്ന പക്രു ഒരു അനുഗ്രഹീത കലാകാരൻ തന്നെയാണ് എല്ലാ രീതിയിലും.
രണ്ടടി ആറിഞ്ചു മാത്രം പൊക്കമുള്ള ഒരാൾ ഗിന്നസിന്റെ തലപ്പത്ത് വരെ പരിമിതികളെ അതിജീവിച്ച് എത്തിയത് വലിയ വാർത്ത തന്നെയായിരുന്നു മലയാളികളെ സംബന്ധിച്ച്. അതുകൊണ്ടു തന്നെ എത്ര ഉയരങ്ങളിൽ എത്തിയാലും കടന്നു വന്ന വഴി മറക്കാത്ത പക്രുവിനോട് വലിയ ഇഷ്ടമാണ് എല്ലാവർക്കും.
Read More: ‘അരയും തലയും മുറുക്കി ലാൽ ഇറങ്ങിയിട്ടുണ്ട്’- ബറോസ് പൂജാവേളയിൽ ശ്രദ്ധനേടി മമ്മൂട്ടിയുടെ വാക്കുകൾ
നായകവേഷം ചെയ്ത ഏറ്റവും പൊക്കം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ എന്നൊക്കെ ഒട്ടേറെ ബഹുമതികൾ പക്രുവിന് സ്വന്തമായുണ്ട്. 2006ലാണ് ഗിന്നസ് പക്രുവിന്റെ ജീവിതത്തിലേക്ക് ഗായത്രി കടന്നു വന്നത്. ഇപ്പോൾ ഗായത്രിയുടെയും മകൾ ദീപ്ത കീർത്തിയുടെയും കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും ആരാധകരോട് പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഗിന്നസ് പക്രു.
Story highlights- pakru sharing daughters dance video