‘അരയും തലയും മുറുക്കി ലാൽ ഇറങ്ങിയിട്ടുണ്ട്’- ബറോസ് പൂജാവേളയിൽ ശ്രദ്ധനേടി മമ്മൂട്ടിയുടെ വാക്കുകൾ

March 24, 2021

സിനിമാലോകത്ത് ചർച്ചയാകുകയാണ് മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭമായ ബറോസ്. താരസമ്പന്നമായി നടന്ന പൂജ ചടങ്ങിൽ പങ്കെടുത്ത ഓരോ വ്യക്തിയുടെയും വാക്കുകൾ ശ്രദ്ധേയമാകുകയാണ്. നാൽപതു വർഷത്തെ അഭിനയ ജീവിതത്തിന് ശേഷം സംവിധാനത്തിലും മോഹൻലാൽ കയ്യൊപ്പ് പതിപ്പിക്കുമ്പോൾ ആ വേദിയിൽ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ കൊണ്ട് കൈയടി നേടുകയാണ് മമ്മൂട്ടി.

‘അരയും തലയും മുറുക്കി ലാൽ സംവിധാനത്തിന് ഇറങ്ങിയിട്ടുണ്ട് എന്നാണ് മമ്മൂട്ടി പറയുന്നത്. ‘നമ്മള്‍ എല്ലാവരും ഒരു വലിയ സംരഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. മലയാള സിനിമയില്‍ ഒരുപാട് നടന്‍മാര്‍ സംവിധായകര്‍ ആയിട്ടുണ്ട്. പക്ഷേ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമ്മളുടെ എണ്ണം കുറവാണ്.ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോ അരയും തലയും മുറുക്കി മോഹന്‍ലാലും ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്. എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മള്‍ കരുതുന്നത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങൾ ഈ 40 വര്‍ഷം സഞ്ചരിച്ചത്.

ഞങ്ങള്‍ ഒപ്പം അല്ലെങ്കില്‍ ഞങ്ങള്‍ സിനിമയോടൊപ്പമാണ് വളര്‍ന്നത്. മലയാള സിനിമ വളര്‍ന്ന് രാജ്യാന്തരങ്ങളും ലോകാന്തരങ്ങളുമൊക്കെ കടന്ന് ഇപ്പോള്‍ ബറോസില്‍ എത്തി നില്‍ക്കുകയാണ്. ഈ നിമിഷം ഒരു പക്ഷെ മലയാളികള്‍ക്ക് എന്നും അഭിമാനിക്കാനും ആഹ്‌ളാദിക്കാനും സാധിക്കുന്ന സുന്ദര നിമിഷമാണ്’- മമ്മൂട്ടി പറയുന്നു.

Read More: ബറോസിന് ആശംസകളുമായി സിനിമാലോകം- ശ്രദ്ധനേടി മോഹൻലാലിൻറെ ‘ബറോസ്’ ലുക്ക്

ആദ്യമായി സംവിധായകന്റെ തൊപ്പി ധരിക്കുമ്പോൾ മോഹൻലാലിനും ബറോസിനും ആശംസാപ്രവാഹമാണ്. പൂജ ചടങ്ങുകളിൽ മമ്മൂട്ടി, പ്രിയദർശൻ, ദിലീപ്, സത്യൻ അന്തിക്കാട്, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, സിബി മലയിൽ തുടങ്ങിയവർ സജീവ സാന്നിധ്യമാകുമ്പോൾ അമിതാഭ് ബച്ചൻ, സുരേഷ് ഗോപി തുടങ്ങിയവർ ആശംസ അറിയിച്ചു രംഗത്തെത്തി.

Story highlights- mammootty about baroz