‘വരവേൽപ്പിലെ ആ ഫൈറ്റ് രംഗം ചിത്രീകരിച്ചത് മോഹൻലാൽ’- വീഡിയോ
നാൽപതു വർഷത്തെ അഭിനയ ജീവിതത്തിന് ശേഷം സംവിധാനത്തിലേക്കും ചുവടുവയ്ക്കുകയാണ് നടൻ മോഹൻലാൽ. പാട്ടിലും, നിർമാണത്തിലുമെല്ലാം സാന്നിധ്യമറിയിച്ച മോഹൻലാൽ ബറോസ് എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിൽ കന്നിയങ്കം കുറിക്കുന്നത്. എന്നാൽ, പണ്ടുമുതലേ, മോഹൻലാലിൻറെ ഉള്ളിൽ ഒരു സംവിധായകൻ ഒളിഞ്ഞിരുന്നു എന്ന് പറയുകയാണ് സത്യൻ അന്തിക്കാട്. ബറോസ് പൂജ വേളയിലാണ് സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രീകരിച്ച ഒരു ഫൈറ്റ് സീനിനെ കുറിച്ച് പങ്കുവെച്ചത്.
സ്റ്റണ്ട് ഡയറക്ടർ ത്യാഗരാജന്റെ അഭാവത്തിൽ വരവേൽപ്പ് എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് രംഗം സംവിധാനം ചെയ്തത് മോഹൻലാൽ ആയിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറയുന്നു. ‘വർഷങ്ങൾക്ക് മുൻപ് ആരും ചിന്തിച്ചിട്ടുപോലും കാണില്ല, ഇങ്ങനെയൊരു മുഹൂർത്തം ഉണ്ടാകുമെന്നും മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് നമ്മളെല്ലാം എത്തുമെന്നും. മലയാള സിനിമയിലെ ഏറ്റവും പ്രവർത്തി പരിചയമുള്ള സംവിധായകനായാകും മോഹൻലാൽ അരങ്ങേറാൻ ഒരുങ്ങുന്നത്. മോഹൻലാലിൻറെ മനസ്സിൽ എന്നും ഒരു സംവിധായകൻ ഉണ്ടെന്നു ഞങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്’- സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.
‘പണ്ട് വരവേൽപ്പ് എന്ന സിനിമ ചെയ്യുമ്പോൾ അതിൽ ബസ് തല്ലിപ്പൊളിക്കുന്ന രംഗത്ത് ചെറിയൊരു ഫൈറ്റ് സീക്വൻസ് ഉണ്ട്. ഷൂട്ടിന്റെ അവസാന നിമിഷത്തിൽ ഫൈറ്റ് മാസ്റ്ററായ ത്യാഗരാജൻ മാഷിന് എത്തിച്ചേരാൻ സാധിച്ചില്ല. ഏത് മാസ്റ്ററെ കൊണ്ടുവന്ന് ഈ ഫൈറ്റ് ചിത്രീകരിക്കും എന്ന ടെൻഷനിലായിരുന്നു ഞാൻ. അപ്പോൾ ലാൽ പറഞ്ഞു, ത്യാഗരാജൻ മാസ്റ്ററിന്റെ അനുഗ്രഹം ഉണ്ടായാൽ മതി, നമുക്ക് ചെയ്യാം. അന്ന് ആ ഫൈറ്റ് സംവിധാനം ചെയ്തത് ലാൽ ആണ്. ലാലിൻറെ മനസ്സിൽ സംവിധായകൻ ഉണ്ട്, ഉണ്ടായേ തീരു..’- സത്യൻ അന്തിക്കാട് പറയുന്നു.
Read More: ‘വാത്തി കമിംഗ്..’ ചുവടുകളുമായി അന്നയുടെ പവർഫുൾ പ്രകടനം; വീഡിയോ
മോഹൻലാൽ അഭിനയിക്കുന്നത് പോലും സ്വയം അറിയാതെയാണെന്നും, ആ കഴിവ് സംവിധാനത്തിലും ഉണ്ടാകട്ടെ എന്നും സത്യൻ അന്തിക്കാട് ആശംസിക്കുന്നു.
Story highlights- sathyan anthikkad about mohanlal