സിദ്ധിഖ്- ലാൽ കൂട്ടുകെട്ട് വീണ്ടും? ഏറെക്കാലത്തിന് ശേഷം ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ലാൽ

March 20, 2021

മലയാള ചലച്ചിത്ര ലോകത്തെ ശ്രദ്ധേയരായ സംവിധായക ജോഡിയായിരുന്നു സിദ്ധിഖ്- ലാൽ. കൊച്ചിൻ കലാഭവനിൽ മിമിക്രി താരങ്ങളായി കലാരംഗത്തേക്ക് എത്തിയ സിദ്ദിഖും ലാലും പിന്നീട് ഹിറ്റ് ചിത്രങ്ങളുടെ സാരഥിയായി മാറുകയായിരുന്നു. എന്നാൽ, പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടനും നിർമാതാവും സംവിധായകനുമായ ലാൽ.

യുവസംവിധായകർ എന്ന ക്യാപ്ഷനൊപ്പമാണ് ലാൽ ചിത്രം പങ്കുവെച്ചത്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന സൂചനയാണ് ചിത്രവും അതിന് ലഭിക്കുന്ന കമന്റുകളും പറയുന്നത്. ഫാസിലിന്‌റെ സഹസംവിധായകരായി തുടക്കം കുറിച്ച സിദ്ധിഖ് ലാല്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരായത്. 1989ലാണ് റാംജിറാവു സ്പീക്കിംഗ് തിയേറ്ററുകളിൽ എത്തിയത്.

റാംജിറാവു സ്പീക്കിംഗിന് പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകളെല്ലാം ഇവരുടെതായി റിലീസ് ചെയ്ത സിനിമകളാണ്. ഇതില്‍ 1991ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറാണ് തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ സിനിമ. മികച്ച പ്രതികരണത്തോടൊപ്പം കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ കൂടിയായിരുന്നു ഗോഡ്ഫാദര്‍.

Read More: അന്നും ഇന്നും മാറ്റമില്ലാതെ; പത്താം ക്ലാസ്സിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് പ്രിയനായിക

ഇരുവരും പിരിഞ്ഞപ്പോൾ സിദ്ദിഖ് സംവിധാന രംഗത്ത് തന്നെ തുടർന്നു. ലാൽ അഭിനയത്തിലേക്കും സംവിധാനത്തിലേക്കും നിർമാണം, വിതരണം എന്നിവയിലേക്കും സജീവമായി.

Story highlights- siddique and lal latest photo