ഇഷ്ടചിത്രത്തിന്റെ പേര് വീടിന് നൽകി ആരാധകൻ; ഇത് പുതിയ ചിത്രത്തിനുള്ള പ്രചോദനമെന്ന് ഭദ്രൻ

March 5, 2021
spadikam-home

മലയാളികൾ നെഞ്ചേറ്റിയ മോഹൻലാൽ ചിത്രമാണ് ഭദ്രൻ സംവിധാനം ചെയ്ത സ്‌ഫടികം. ആടുതോമയെയും ചാക്കോ മാഷിനെയുമൊക്കെ മലയാളികൾക്ക് സമ്മാനിച്ച ആ ചിത്രത്തിൻറെ ഓർമ്മകൾ ഇന്നും മലയാളികൾക്കിടയിൽ അണയാത്ത കനൽ പോലെ തെളിഞ്ഞുനിൽക്കുകയാണ്. അതിന് എറ്റവും വലിയ ഉദാഹരണമാണ് സ്വന്തം വീടിന് സ്‌ഫടികം എന്ന് പേരിട്ട ഈ ആരാധകൻ.

കാസർകോട്ടെ പെരിയ സ്വദേശിയായ മനു എന്ന യുവാവാണ് സ്വന്തം വീടിന് സ്ഫടികം എന്ന് പേര് നൽകിയിരിക്കുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് മനു അയച്ച വീടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘എന്റെ സ്വപ്നമായ വീടിന് സ്ഫടികം എന്നാണ് പേരിട്ടത്. അത്രയ്ക്ക് ഇഷ്ടമാണ് ആ പേരും ആ സിനിമയും എന്ന കുറിപ്പോടെയാണ്’ മനു വീടിന്റെ ചിത്രങ്ങൾ അയച്ചുനൽകിയത്.

അതേസമയം ഇത്തരം പോസ്റ്റുകളും മെസേജുകളും തനിക്ക് പ്രചോദനം ആകുന്നുവെന്നും ജീവിക്കുന്ന സിനിമകളുമായി താൻ വീണ്ടും എത്തുമെന്നുമാണ് ഭദ്രൻ കുറിച്ചത്. ‘ഇത്തരം അനവധി പോസ്റ്റുകളും മെസ്സേജുകളുമാണ് അണയാതെ കത്തി നിൽക്കുന്ന എന്നിലെ അഗ്നിക്ക് ഇന്ധനം ആകുന്നത്. ഇവർ തരുന്ന പ്രചോദനം ആണ് കെട്ടുമുറുകി കിടക്കുന്ന കൂച്ചുവിലങ്ങ് പൊട്ടിച്ച് വെളിയിൽ വരാൻ എന്നെ ആവേശം ആക്കുന്നത് ..”‘ഞാൻ വരും”ജീവിക്കുന്ന സിനിമകളുമായി’ ഭദ്രൻ കുറിച്ചു.

Read also:ചെറുപ്പം മുതൽ കണ്ടുവളർന്നത് വെള്ളപ്പൊക്കവും ചുഴലിക്കാറ്റും; പ്രകൃതി സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ച യുവ എഞ്ചിനീയർ…

1995-ൽ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ കഥയും സംവിധാനവും ഭദ്രനാണ് നിർവഹിച്ചത്. മോഹൻലാൽ ആടുതോമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. തിലകൻ, രാജൻ പി ദേവ്, ഉറുവശി,ഇന്ദ്രൻസ്, ചിപ്പി, കെ പി സി ലളിത തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും കേൾക്കുന്നുണ്ട്.

Story Highlights: spadikam named home