24/7/365; വനിതാ ദിനത്തില്‍ വേറിട്ട ആശംസയുമായി മഞ്ജു വാര്യര്‍

മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനമാണ്. നിരവധിപ്പേരാണ് ഈ ദിനത്തിന്റെ ആശംസകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും. എന്നാല്‍ പതിവ് ശൈലികളില്‍ നിന്നെല്ലാം അല്പം വ്യത്യസ്തമായാണ് ചലച്ചിത്ര താരം മഞ്ജു വാര്യര്‍ വനിതാ ദിനം ആശംസിച്ചത്. ‘ഇന്റര്‍നാഷ്ണല്‍ വിമെന്‍സ് ഡേ 24/7/365 എന്നാണ് താരം പങ്കുവെച്ചത്. മാര്‍ച്ച് 8 എന്നുള്ള തീയതി വെട്ടിയിട്ടുമുണ്ട്. വനിതകളോടുള്ള ബഹുമാനവും ആദരവും എല്ലാ ദിവസവും വേണമെന്ന് ഓര്‍മപ്പെടുത്തുകയാണ് മഞ്ജു വാര്യര്‍.
അതേസമയം താരം നായികയായെത്തുന്ന പുതിയ ചിത്രമാണ് ദ് പ്രീസ്റ്റ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പകരം വയ്ക്കാനില്ലാത്ത അഭിനയമികവുകൊണ്ട് അതിശയിപ്പിയ്ക്കുന്ന മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്.
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന് ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 11 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Story highlights: Women’s day wishes by Manju Warrier