72-കാരനായി ബിജു മേനോന്‍; പാര്‍വതിയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങള്‍; ആര്‍ക്കറിയാം ഏപ്രിലില്‍ തിയേറ്ററുകളിലേയ്ക്ക്

Aarkkariyam release on April 3rd

പാര്‍വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്‍ക്കറിയാം. ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ 72 വയസ്സുകാരനായാണ് ബിജു മേനോന്‍ എത്തുന്നത് എന്നതാണ് പ്രധാന ആകര്‍ഷണം. ചിത്രം ഏപ്രില്‍ മൂന്ന് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനാണ് ചിത്രത്തിലെ ബിജു മേനോന്‍ കഥാപാത്രം. പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആര്‍ക്കറിയാം എന്ന സിനിമയ്ക്കുണ്ട്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഒപിഎം ഡ്രീം മില്‍ സിനിമാസിന്റേയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: സൈന നേവാള്‍ ആയി പരിനീതി ചോപ്രയുടെ ഗംഭീര പ്രകടനം: ട്രെയിലറിന് വന്‍ വരവേല്‍പ്പ്

സംവിധായകന്‍ സനു ജോണ്‍ വര്‍ഗ്ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നേഹ അയ്യരും യക്‌സന്‍ ഗാരി പെരേരയും ചേര്‍ന്ന് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നു.

Story highlights: Aarkkariyam release on April 3rd