ഈ കടുവ പാടും കിളികളുടെ സ്വരത്തില്‍; സൈബര്‍ ഇടങ്ങളില്‍ താരമായി വീറ്റസ് കടുവക്കുട്ടി

March 7, 2021
Young tiger makes soft melodic sounds

ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന പഴഞ്ചൊല്ല് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ കുറവായിരിയ്ക്കും. എന്നാല്‍ അമ്മയുടെ സ്‌നേഹം കൂടുതല്‍ കിട്ടാന്‍ പാട്ടുപാടുന്ന കടുവക്കുട്ടിയെ പലര്‍ക്കും അപരിചിതമായിരിയ്ക്കും. അങ്ങനെ പാട്ടിലൂടെ സൈബര്‍ ഇടങ്ങളില്‍ പോലും താരമായിരിയ്ക്കുകയാണ് ഒരു കടുവക്കുട്ടി. പേരാകട്ടെ വീറ്റസ് എന്നും.

കിളികളുടെ ശബ്ദത്തിലാണ് വീറ്റസിന്റെ പാട്ട്. ജനിച്ച് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ കടുവക്കുട്ടി പാട്ട് പാടി തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെയാണ് റഷ്യന്‍ ഗായകനായ വീറ്റസിന്റെ പേര് കടുവക്കുട്ടിയ്ക്ക് നല്‍കിയതും. സൈബീരിയയിലെ ബര്‍ണോള്‍ മൃഗശാലയിലെ കടുവക്കുട്ടിയാണ് വീറ്റസ്. എട്ടുമാസമാണ് വീറ്റസിന്റെ പ്രായം.

Read more: 70-ാം വയസ്സിലും അമ്മയായി; ഇത് ലോകത്തിലെ ഏറ്റവും പ്രായമായ കടല്‍പക്ഷി

വീറ്റസ് കടുവക്കുട്ടിയുടെ അമ്മയായ ബഗീര മറ്റ് കടുവക്കുട്ടികളുടെ അടുത്ത് നില്‍ക്കുമ്പോഴൊക്കെയാണ് പ്രത്യേക സ്വരത്തില്‍ ശബ്ദമുണ്ടാക്കി വീറ്റസ് അമ്മയുടെ ശ്രദ്ധ ആകര്‍ഷിയ്ക്കുന്നത്. ഇതു കേള്‍ക്കുമ്പോള്‍ അമ്മ ബഗീര അരികിലെത്തുകയും ചെയ്യാറുണ്ട്. കിളികളുടേതിന് സമാനമായ ശബ്ദത്തിലാണ് വീറ്റസിന്റെ പാട്ട് എന്നതാണ് മറ്റൊരു കൗതുകം.

Story highlights: Young tiger makes soft melodic sounds