ഹോളിവുഡ് സ്‌റ്റൈലിൽ ‘ബറോസ്’ ലൊക്കേഷൻ; സംവിധായകനായി മോഹൻലാലിൻറെ ആദ്യദിനം- വിഡിയോ
സംവിധായകനായി നടൻ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ബറോസ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. ഇപ്പോഴിതാ, സിനിമയുടെ ചിത്രീകരണം ആരംഭിച്ച ദിവസത്തെ വിഡിയോ ശ്രദ്ധനേടുകയാണ്. ഹോളിവുഡ് സ്റ്റൈലിലാണ് ബറോസിന്റെ ലൊക്കേഷൻ ഒരുക്കിയിരിക്കുന്നത് എന്ന് വീഡിയോയിൽ വ്യക്തമാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന പാസ് വേഗയുടെ സ്‌കൂൾ രംഗങ്ങളാണ് ആദ്യദിനം ചിത്രീകരിച്ചത്.
സംവിധായകനായി ചുറുചുറുക്കോടെ നിർദേശങ്ങൾ നൽകി ഓടിനടക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. ഇനിയുള്ള മൂന്നു മാസം ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ. അതിനിടയിൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. പ്രധാന കഥാപാത്രമായ ബറോസായി എത്തുന്നത് മോഹൻലാലാണ്. നടൻ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കൊച്ചിയിലെ ഷൂട്ടിംഗിന് ശേഷം ഗോവയിലാണ് ബാക്കി രംഗങ്ങൾ ചിത്രീകരിക്കുക. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. ഈ വർഷം ആദ്യം തന്നെ സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടാനായി കരാറിൽ ഒപ്പുവെച്ചിരുന്നു. ജൂലൈയിൽ ആരംഭിക്കാനിരുന്ന ഷൂട്ടിംഗ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു.
Read More: ‘ഒരിക്കലും തോറ്റുകൊടുക്കരുത്’- ആവേശമായി ‘ഖോ ഖോ’ ട്രെയ്‌ലർ
ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.
Story highlights- baroz first day shooting video