അങ്ങ് വടക്കൻ മേഖലയിൽ ഫഹദ് ഫാസിലിന് ഒരു ഫാൻസ്‌ അസോസിയേഷനുണ്ട്- ഹൃദ്യമായ കുറിപ്പുമായി ബോളിവുഡ് താരം

April 16, 2021

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ജോജി ദേശീയ ശ്രദ്ധനേടുകയാണ്. ലോക്ക് ഡൗൺ സമയത്ത് ചിത്രീകരിച്ച ജോജി ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ്. ശ്യാം പുഷ്കരനാണ് രചന നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന് പുറമെ ദിലീഷ് പോത്തനും ശ്യാം പുഷ്കരനുമെല്ലാം ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ശ്രദ്ധേയമാകുകയാണ്. ഇപ്പോഴിതാ, ജോജിയെക്കുറിച്ചും ഫഹദ് ഫാസിലിനെ കുറിച്ചും ബോളിവുഡ് താരം ഗജ്‌രാജ് റാവുവിന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ഗജ്‌രാജ് റാവുവിന്റെ കുറിപ്പ്;

പ്രിയ ദിലീഷ് പോത്തനും മറ്റ് മലയാള ചലച്ചിത്ര പ്രവർത്തകരും (പ്രത്യേകിച്ച് ഫഹദ് ഫാസിലിനോടും സുഹൃത്തുക്കളോടും)..

ഞാൻ അടുത്തിടെ ‘ജോജി’ കണ്ടു, ഇത് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്, എന്നാൽ എനിക്കിത് പറഞ്ഞേ പറ്റു. നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുന്നതും നല്ല സിനിമയാക്കുന്നതും ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് നിങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഹിന്ദിയിൽ നിന്ന്. നിങ്ങൾ ചില ഇടത്തരം സിനിമകളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാർക്കറ്റിംഗ് കാമ്പെയ്‌നുകളും പ്രമോഷനുകളും എവിടെ? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെ? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെ? ഇതൊന്നുമില്ലാത്തത് ഇത്തിരി കടുപ്പമാണ്.

Read More: മനോഹര നൃത്തച്ചുവടുകളുമായി മനം കവർന്ന് അനു സിതാര- വിഡിയോ

എന്റെ വാക്കുകൾ നിങ്ങൾ ഗൗരവമായി കാണില്ലെന്നും നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തനം തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. മഹാമാരിയില്ലാത്ത ഒരു ലോകത്ത് , നിങ്ങളുടെ സിനിമകൾക്കായി ആദ്യ ദിവസത്തെ ആദ്യ ഷോയിൽ പോപ്‌കോണിനൊപ്പം ഞാൻ എപ്പോഴും തയ്യാറാകും.

ആത്മാർത്ഥതയോടെ,
ഗജരാജ് റാവു
ചെയർമാൻ (സ്വയം പ്രഖ്യാപിതൻ),
ഫഹദ് ഫാസിൽ ഫാൻ ക്ലബ് (വടക്കൻ മേഖല)

Story highlights- gajraj rao about joji movie