‘വ്യക്തിപരമായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്…’- മോഹൻലാൽ

April 5, 2021

അപ്രതീക്ഷിതമായാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ വിടപറഞ്ഞത്. അവസാന ചിത്രമായ വൺ തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് അദ്ദേഹം വൈക്കത്തെ വീട്ടിൽവെച്ച് മരണമടഞ്ഞത്. എഴുപതാം വയസ്സിലെ ഈ വിയോഗം സിനിമാ പ്രവർത്തകരെ വ്യക്തിപരമായി നൊമ്പരത്തിലാഴ്ത്തി. നടൻ മോഹൻലാലിനെ സംബന്ധിച്ച് പി ബാലചന്ദ്രൻ ഗുരു തുല്യനായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മോഹൻലാൽ.

മോഹൻലാലിൻറെ കുറിപ്പ്;

‘ഔപചാരിതകൾക്കപ്പുറത്തായിരുന്നു ബാലേട്ടൻ. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യന്‍…അനുഭവങ്ങളായിരുന്നു ബാലേട്ടൻ്റെ പേനത്തുമ്പിൽ നിന്ന് ഒഴുകിവന്നത്. നമുക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയും ആണ്. വ്യക്തിപരമായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്.. ചേട്ടച്ഛനും അങ്കിള്‍ ബണ്ണും.. ആ രണ്ടു കഥാപാത്രങ്ങളും നെഞ്ചില്‍ സങ്കടങ്ങള്‍ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്നവരായിരുന്നു.. ബാലേട്ടനും അങ്ങനെ ഒരാളായിരുന്നു.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാം..’.

Read More: ‘ഇതാ, ചില രസകരമായ ഓർമ്മകൾ’; കല്യാണിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി

ബറോസ് ഷൂട്ടിംഗ് ലൊക്കേഷനിൽ പി ബാലചന്ദ്രന് വേണ്ടി മോഹൻലാൽ ആദരാജ്ഞലികൾ അർപ്പിച്ചിരുന്നു. അതേസമയം, ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി ബാലചന്ദ്രൻ. 2012ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ‘ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തു. അൻപതോളം ചിത്രങ്ങളിൽ വേഷമിട്ടു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനനം.

Story highlights- Mohanlal about p balachandran