നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ ഒരുങ്ങി ‘വൺ’

April 24, 2021

മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിൽ എത്തിയ ചിത്രമാണ് വൺ. തിയേറ്റർ റിലീസായി എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഏപ്രിൽ 27നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. കഴിഞ്ഞ ഒരുമാസത്തോളം ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടർന്നിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ഒടിടി റിലീസിലേക്ക് ചിത്രം ചുവടുമാറുകയായിരുന്നു.

 ശക്തനായ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുമ്പോൾ മറ്റു രാഷ്ട്രീയ നേതാക്കന്മാരായി എത്തുന്ന അഭിനേതാക്കൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രതിപക്ഷ നേതാവായി മുരളി ഗോപിയാണ് ചിത്രത്തിൽ വേഷമിടുന്നത്. ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്‍ണനും അഭിനയിക്കുന്നു. ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നു.

സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Read More: ‘നിന്റെ ബുക്ക് എവിടെ?’- മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് ശോഭന

ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’.ബോബി- സഞ്ജയ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് നിർമിക്കുന്നത്.

Story Highlights- one movie netflix release