‘ഇന്ത്യൻ സിനിമയിൽ അടുത്തകാലത്ത് ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന്’- ജിയോ ബേബിക്ക് അഭിനന്ദനവുമായി റാണി മുഖർജി

April 9, 2021

മലയാള സിനിമയിൽ അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സിനിമ പങ്കുവെച്ച ആശയം ഭാഷയുടെ അതിർവരമ്പുകൾ കടന്ന് അംഗീകാരങ്ങൾ നേടി. തമിഴിലേക്കും, തെലുങ്കിലേക്കും ചിത്രം റീമേക്കിന് ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതുകൊണ്ടുതന്നെ ഒട്ടേറെപ്പേരിലേക്ക് ചിത്രം എത്തി. ഇപ്പോഴിതാ, ബോളിവുഡിൽ നിന്നും റാണി മുഖർജിയുടെ അഭിനന്ദനം നടൻ പൃഥ്വിരാജ് വഴി സംവിധായകൻ ജിയോ ബേബിയിലേക്ക് എത്തിയിരിക്കുകയാണ്.

ജിയോ ബേബി തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പൃഥ്വിരാജിന് റാണി മുഖർജി അയച്ച സന്ദേശം പങ്കുവെച്ചത്. അയ്യാ എന്ന ചിത്രത്തിൽ റാണിയ്‌ക്കൊപ്പം പൃഥ്വിരാജ് വേഷമിട്ടിരുന്നു. ‘ഹായ് ജിയോ. റാണി മുഖർജി നിങ്ങളുടെ സിനിമ കണ്ടു. ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ നിന്നും ഉൾക്കൊണ്ട കാര്യങ്ങൾ നിങ്ങളെ അറിയിക്കണമെന്ന് റാണി എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് റാണിയുടെ സന്ദേശം ഫോർവേഡ് ചെയ്യുന്നു; ഞാൻ ഇതുവരെ ചിത്രം കാണ്ടില്ല.. പക്ഷേ മികച്ച വിജയത്തിന് അഭിനന്ദനങ്ങൾ. ചിയേഴ്സ്’-പൃഥ്വിരാജ് കുറിക്കുന്നു.

https://www.facebook.com/jeobaby/posts/10223626527826643

ജിയോ ബേബിക്കായി റാണി മുഖർജിയുടെ പ്രത്യേക സന്ദേശം പൃഥ്വിരാജ് അയച്ചു; ‘പൃഥ്വി … ഇത് ഞാനാണ് … ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ കണ്ടു . അതി ഗംഭീരമായി തോന്നി! സംവിധായകനോട് പൃഥ്വിരാജിന് പറയാൻ കഴിയുമോ, എനിക്ക് ഈ സിനിമ വളരെയധികം ഇഷ്ടമായെന്നും ഇത് സമീപകാലത്ത് നിർമ്മിച്ച ഏറ്റവും മികച്ച ഇന്ത്യൻ സിനിമകളിലൊന്നാണെന്നും … ഇത് വളരെ മനോഹരമായൊരു ചിത്രമാണ്’- റാണിയുടെ വാക്കുകൾ.

Read More: കൊച്ചി നഗരത്തിൽ ബൈക്കിൽ ചുറ്റിയടിച്ച് മഞ്ജു വാര്യർ- ശ്രദ്ധനേടി ചിത്രങ്ങൾ

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിച്ച ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.  സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍.ജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

Story highlights- rani mukharjee about great indian kitchen