കസേരയും ചുമന്ന് ബേസിൽ- സംവിധായകന് പിറന്നാൾ ആശംസിച്ച് ടൊവിനോ; വിഡിയോ

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ സംവിധായകനും അഭിനേതാവുമാണ് ബേസിൽ ജോസഫ്. വ്യത്യസ്തമായ സിനിമകളിലൂടെ വിസ്മയിപ്പിച്ച ബേസിൽ ഏറ്റവുമൊടുവിൽ വേഷമിട്ടത് ജോജി എന്ന ചിത്രത്തിലാണ്. ജോജിയിലെ പുരോഹിത വേഷം വാളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, പിറന്നാൾ നിറവിലാണ് ബേസിൽ. പ്രിയസുഹൃത്ത് കൂടിയായ ബേസിലിന് രസകരമായ വിഡിയോയിലൂടെ പിറന്നാൾ ആശംസിക്കുകയാണ് നടൻ ടൊവിനോ തോമസ്.
ടൊവിനോ തോമസ് നായകനായ ‘മിന്നൽ മുരളി’ സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫാണ്. ചിത്രത്തിൽ ലൊക്കേഷനിൽ കസേരയും ചുമന്നുകൊണ്ട് പോകുന്ന ബേസിലിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോ പിറന്നാൾ ആശംസിച്ചിരിക്കുന്നത്. അടുത്തസൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. അടുത്തിടെ ബേസിലിന്റെ മറ്റൊരു രസകരമായ വിഡിയോയും താരം പങ്കുവെച്ചിരുന്നു.
ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണവുമായാണ് മിന്നൽ മുരളി ഒരുങ്ങുന്നത്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വിവിധ ഭാഷകളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Read More: കൊവിഡ് വ്യാപനം; സുരേഷ് ഗോപി- ജോഷി ചിത്രം ‘പാപ്പന്‍’ ചിത്രീകരണം നിര്‍ത്തിവെച്ചു
അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
വി എഫ് എക്‌സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് ഒരുക്കുന്നത്.
Story highlights- tovino thomas wishes basil Joseph birthday