‘കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്’; മുന്നറിയിപ്പ്
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടം നാം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന് അടക്കമുള്ള കാര്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.
വാക്സിനേഷന് സ്വീകരിക്കുന്ന പലരും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകളിലെ വ്യക്തിഗത വിവരങ്ങള്‍ ദുരൂപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇക്കാര്യം വിശദമാക്കി കേരളാ പൊലീസും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ
കൊവിഡ് വാക്സിന് സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാക്സിന് സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്ളതിനാല്‍ അവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കൊവിഡ് വാക്സിന് സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിങ്ങള്‍ക്ക് അനുവദിക്കുന്നത്. വാക്സിന് സ്വീകരിച്ച തീയതി, സമയം, വാക്സിന് നല്കിയ ആളുടെ പേര്, വാക്സിന് സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
Story highlights: Do not share Covid vaccination certificate on social media