‘കുറേപ്പേരുടെ അധ്വാനത്തിന്റെ കുഞ്ഞ് സന്തോഷം’- ‘ഈശോ’ മോഷൻ പോസ്റ്റർ പങ്കുവെച്ച് നാദിർഷ

നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഈശോയുടെ മോഷൻ പോസ്റ്റർ എത്തി. നമിത പ്രമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ടാഗ്‌ലൈനായി ‘ബൈബിളിൽ നിന്നല്ല’ എന്ന് നൽകിയിട്ടുണ്ട്. സിനിമ ഒരു ത്രില്ലറാണെന്ന് നേരത്തെതന്നെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

കഥ, സംഭാഷണം, തിരക്കഥ എന്നിവ സുനീഷ് വാരനാടാണ്. നാദിർഷ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും. സുജേഷ് ഹരി ഗാനങ്ങൾ രചിച്ചിരിക്കുന്നു. ജെയ്ക്സ് ബിജോയി പശ്ചാത്തല സംഗീതം, ബ്രിന്ദ മാസ്റ്റർ നൃത്തസംവിധാനം എന്നിവയും നിർവഹിക്കുന്നു. ജാഫർ ഇടുക്കിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശദമായ കുറിപ്പിനൊപ്പമാണ് നാദിർഷ മോശം പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

‘കൊവിഡ് മഹാമാരിക്കാലത്ത് മറ്റേതൊരു തൊഴിൽമേഖലയും പോലെ സിനിമാമേഖലയും ഇപ്പോൾ സ്തംഭിച്ചു നിൽക്കുകയാണ്. പുറമേ കാണുന്ന പകിട്ടുള്ള ചില താരജീവിതങ്ങൾക്കപ്പുറം ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒട്ടനവധിപേരുടെ ജീവിതമാർഗ്ഗമാണ് സിനിമയെന്ന തൊഴിൽമേഖല. കൊവിഡിൻ്റെ ആദ്യ തരംഗത്തിന് ശേഷം മറ്റ് തൊഴിൽ മേഖലകളെപ്പോലെ സിനിമയും സജീവമായപ്പോൾ ചിത്രീകരിച്ച ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററാണ് ഇപ്പോൾ ഞങ്ങൾ റിലീസ് ചെയ്യുന്നത്. എല്ലാ തൊഴിൽ മേഖലകളെയുംപോലെ സിനിമയും, തീയേറ്ററുകളും എല്ലാം ഈ രണ്ടാംതരംഗത്തെ അതിജീവിച്ച് ശക്തിയായി തിരിച്ചുവരും എന്നു തന്നെയാണ് നമ്മളെല്ലാവരുടെയും പ്രതീക്ഷ…മാസ്ക്കണിഞ്ഞ്,സാമൂഹിക അകലം പാലിച്ച് മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം..നമ്മുടെ നാളെകൾ പഴയ പോലെയാകുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ കുറേപ്പേരുടെ അധ്വാനത്തിന്റെ കുഞ്ഞ് സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു…ഞങ്ങളുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ’. നാദിർഷായുടെ വാക്കുകൾ.

Read More: പഴയ ചിത്രങ്ങളിലൂടെ സ്‌കൂൾ ഓർമ്മകളിലേക്ക് മടങ്ങി അഹാന കൃഷ്ണ

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ- ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഈശോയ്ക്കുണ്ട്. 

Story highlights- ‘Eesho’s’ first look motion poster is here