കേരളത്തിൽ വരുന്ന രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ വരുന്ന രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതേസമയം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കർശനമായ മുന്നൊരുക്കൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നാളെ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലക്ഷദ്വീപില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദമാണ് വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണം. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരിക്കും ന്യൂനമര്‍ദം രൂപംകൊള്ളുക. ഞായറാഴ്ച രാവിലെയോടെ ന്യൂനമര്‍ദം ചുഴലിയായി പരിണമിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ന്യൂനമർദ രൂപീകരണ ഘട്ടത്തിൽ ശക്തമായ കടലാക്രമണവും ശക്തമായ കാറ്റും കേരളത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മെയ് 14 മുതൽ കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം പൂർണ്ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇത് പ്രകാരം മത്സ്യബന്ധന ബോട്ടുകൾ എല്ലാം കരയിൽ തിരിച്ചെത്തിച്ചിട്ടുണ്ട്.
Story Highlights::Heavy rainfall alert for Kerala