രാജ്യത്ത് 37 ലക്ഷത്തിലധികം സജീവ രോഗികൾ; ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് മൂന്നരലക്ഷത്തോളം പേർക്ക്

May 12, 2021

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,48,421 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,33,40,938 ആയി. 24 മണിക്കൂറിനുള്ളിൽ 4205 പേർ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 2.54 ലക്ഷം ആയി ഉയർന്നു. ഇന്നലെ 3,55,388 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ വൈറസ് ബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ ഉള്ളത് നേരിയ ആശ്വാസം പകരുന്നുണ്ട്.

അതേസമയം 533 ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധിതർ കൂടുതൽ.

കേരളത്തിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 37,290 പേർക്കാണ്. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂർ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂർ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസർഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. സംസ്ഥാനത്ത്ക ഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി.

Story Highlights: India latest covid updates