‘കൊവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു നാല് പേര്‍’; രസകരമായ പോസ്റ്റ് പങ്കുവെച്ച് ജയസൂര്യ

May 17, 2021
Jayasurya shares Classmates photo

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ്. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രം 2006-ലാണ് പ്രേക്ഷകരിലേക്കെത്തിയത്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്, നരേന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. ഇപ്പോഴിതാ നാല്‍വര്‍ സംഘം ഒരുമിച്ചുള്ള ഒരു വിഡിയോ കോളിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ.

‘കൊവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍’ എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ജയസൂര്യ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമ പ്രേക്ഷകരിലേക്കെത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ജീവിതത്തില്‍ ഈ സൗഹൃദങ്ങളെ ചേര്‍ത്തുപിടിയ്ക്കുകയാണ് താരങ്ങള്‍.

Read more: കഴിഞ്ഞ 33 വർഷമായി കോഴിക്കോടിന്റെ തെരുവോരങ്ങളിൽ ദിവസവും അസീസിനെ കാത്ത് ഇരിക്കുന്നത് ഒരു കൂട്ടം നായകളും പരുന്തുകളും….

പൃഥ്വിരാജും ഈ വിഡിയോകോളിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്തും ഞങ്ങള്‍ ഇതുപോലൊരു സ്‌ക്രീന്‍ ഷോട്ട് എടുത്തിരുന്നു. എന്താണ് ഈ ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്ന് ചോദിച്ചാല്‍ അന്ന് ഞാന്‍ മരുഭൂമിയുടെ നടുവിലായിരുന്നു. ഇന്ന് വീട്ടില്‍ കുടുംബത്തിനൊപ്പവും. മാത്രമല്ല രാജ്യം കഴിഞ്ഞ തവണത്തേക്കാള്‍ കഠിനമായ കൊവിഡ് പോരാട്ടത്തിലാണ്’ എന്നും പൃഥ്വിരാജ് കുറിച്ചു. കഴിഞ്ഞ തവണ ക്ലാസ്‌മേറ്റ്‌സ് സംഘം വിഡിയോകോള്‍ ചെയ്യുമ്പോള്‍ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനിലായിരുന്നു പൃഥ്വിരാജ്.

Story highlights: Jayasurya shares Classmates photo