സംസ്ഥാനത്ത് ഇന്നുമുതൽ ലോക്ക്ഡൗൺ; കർശന നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നു. ഇന്നുമുതൽ മെയ് 16 വരെ ഒരാഴ്ചക്കാലത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കർശന നിയന്ത്രണങ്ങളും പോലീസ് പരിശോധനയും സജീവമാണ്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നുണ്ട്. മാത്രമല്ല, പുറത്തിറങ്ങുന്നവർ പോലീസിന്റെ പാസും സത്യവാങ്മൂലവും കൈയിൽ കരുതണം.
ആശുപത്രികളും അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും ഡിസ്പെൻസറികൾ പോലുള്ള പൊതു, സ്വകാര്യ മേഖലകളിലെ വിതരണ യൂണിറ്റുകളും മെഡിക്കൽഷോപ്പ്, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് തുടങ്ങിയവ പ്രവർത്തനക്ഷമമായി തുടരും. മെഡിക്കൽ ഓഫീസർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, മറ്റ് ആശുപത്രി സേവനങ്ങൾക്ക് യാത്ര അനുവദനീയമാണ്.
റേഷൻ ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകൾ , ഭക്ഷണം, പലചരക്ക് സാധനങ്ങൾ,
പഴങ്ങളും പച്ചക്കറികളും, പാലുൽപ്പന്നങ്ങൾ, മാംസവും മത്സ്യവും, മൃഗങ്ങളുടെ കാലിത്തീറ്റ,
കോഴി, കന്നുകാലി തീറ്റ, ബേക്കറികൾ എന്നിവ പ്രവർത്തിക്കും. എല്ലാ കടകളും വൈകുന്നേരം 7:30 വരെ പ്രവർത്തിക്കും.
ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സേവനങ്ങൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം. കേബിൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഔഷധ മേഖല, പെട്രോൾ പമ്പുകൾ, എൽപിജി, വൈദ്യുതോത്പാദന, വിതരണ മേഖലകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. അവശ്യ സാധനങ്ങൾ ഉത്പാദിപ്പിക്കുന്ന വ്യാവസായ മേഖലകൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളും ഹോം സ്റ്റേയും അനുവദിക്കില്ല.
Read More: നായാട്ടിന് പിന്നാലെ നിഴലും ഒടിടി റിലീസിന്
വിവാഹ, നിശ്ചയ, സംസ്കാര ചടങ്ങുകളിൽ 20ലധികം പേരെ അനുവദിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച വിവാഹം പോലിസ് അനുമതി വാങ്ങി നടത്താം. വിവാഹം കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പൊതുഗതാഗതം പൂർണമായും നിർത്തിവെക്കും. അന്തർജില്ലാ യാത്രകൾക്കും വിലക്കുണ്ട്. ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികൾക്ക് വിലക്കുണ്ട്.
Story highlights- kerala lockdown guidelines