നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതായി കുഞ്ചാക്കോ ബോബൻ ചിത്രം നായാട്ട്

നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടംനേടി മലയാളം ചിത്രം ‘നായാട്ട്’. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ ഇന്നലെയാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ ഏപ്രിൽ എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

‘ചാര്‍ലി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് നായാട്ട്. ചിത്രത്തിൽ ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read also : സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു; വിടവാങ്ങിയത് ഹിറ്റുകളുടെ രാജാവ്

കേരളത്തിൽ അടുത്തിടെ നടന്ന ചില സംഭവങ്ങളിലേക്ക് കാഴ്ചക്കാരെ നായാട്ട് നയിക്കുന്നുണ്ട്. ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൂന്നു പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രതിസന്ധികളും നിയമ നടപടികളും രക്ഷപ്പെടലുകളുമെല്ലാം ഇന്നുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത രീതിയിൽ ആവിഷ്കരിച്ചിരിക്കുന്ന ചിത്രമാണ് നായാട്ട്.

Story Highlights:nayattu number one in netflix india trending list