‘തേപ്പു കഥകള്‍ക്കുമപ്പുറമുള്ള സ്ത്രീ സാന്നിധ്യം മനസ്സിലാക്കാന്‍ കഴിയാതെ പോയവരോട് പറയാനുള്ളത്; ഓപ്പറേഷന്‍ ജാവയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് വേറിട്ട കുറിപ്പ്
മികച്ച പ്രേക്ഷകസ്വീകാര്യത നേടുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കഥാപാത്രങ്ങളുടെ അഭിനയമികവും സംവിധാന വൈഭവവും തിരക്കഥയുടെ കെട്ടുറപ്പുമെല്ലാം ചിത്രത്തെ മികച്ചതാക്കുന്നു. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും സംവിധാനം നിര്‍വഹിച്ചതും. അതേസമയം ചിത്രത്തിലെ രണ്ട് പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് ചില വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ശ്രദ്ധ നേടുകയാണ് ഓപ്പറേഷന്‍ ജാവയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫ് പങ്കുവെച്ച വാക്കുകള്‍.
കുറിപ്പ് ഇങ്ങനെ
ഓപ്പറേഷന്‍ ജാവയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് സംസാരിയ്ക്കാനുള്ള സമയമാണ്, കാരണം ജാവയുടെ ടീമില്‍ ഉള്ള ആളെന്ന നിലയ്ക്ക് അവരെപ്പറ്റി സംസാരിയ്‌ക്കേണ്ടത് അനിവാര്യവുമാണ്, ട്രോളുകളിലും നിരൂപണങ്ങളിലും നിറഞ്ഞ തേപ്പു കഥകള്‍ക്കുമപ്പുറമുള്ള സ്ത്രീ സാന്നിധ്യം മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാതെ പോയിടത്തു നിന്നു തന്നെ പറഞ്ഞു തുടങ്ങാം.
ജാനകി- രാമനാഥന്‍
തന്റെ ഭാര്യയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന നഗ്‌ന വീഡിയോ അവളുടേതല്ല എന്ന് തെളിയിയ്ക്കാന്‍ സമൂഹം നിര്‍ബന്ധിതനാക്കുന്ന രാമനാഥന്റേയും ജാനകിയുടെയും പോരാട്ടം. ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി തയാറാക്കിയ ഈ സെഗ്മെന്റില്‍ ജാനകിയെ വിശ്വസിച്ചു കൂടെ നില്ക്കുന്ന രാമനാഥനാണു നിരൂപകന്റെ പ്രശ്‌നം കാരണം യഥാര്‍ത്ഥ സംഭവത്തില്‍ ആ സ്ത്രീ ഒറ്റയ്ക്കായിരുന്നത്രേ, സുഹൃത്തേ ഏതാണ് താങ്കള്‍ പറഞ്ഞ ഈ യഥാര്‍ത്ഥ സംഭവം? സൈബര്‍ സെല്ലില്‍ നിരന്തരമായി വന്നു പോകുന്ന കേസുകളില്‍ നിന്നും എഴുത്തുകാരന്‍ ഉണ്ടാക്കിയെടുക്കുന്നതാണ് ഓരോ കഥപാത്രങ്ങളെയും, കണ്ടതും കേട്ടതുമായ അറിവില്‍ നിന്നും ഭാര്യയെ ചേര്‍ത്തു പിടിയ്ക്കുന്ന രാമനാഥനാവണം യഥാര്‍ര്‍ത്ഥ പുരുഷന്‍ എന്ന തിരിച്ചറിവിലേയ്ക്കു നടന്നു കയറിയ എഴുത്തുകാരന്റെ ചിന്തയെ മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നതിനു കാരണം താങ്കള്‍ പിന്തുടര്‍ന്ന പോരുന്ന ചില അജന്‍ഡകളാണ് അതിനെ മാറ്റിവെച്ചു സിനിമ കാണു.. ജാവയിലെ ജാനകി പൊരുതാന്‍ ശേഷിയില്ലാത്തവളല്ല അവള്‍ തളര്‍ന്നു പോകുന്നവളുമല്ല പൊരുതി ജയിക്കുന്നവളാണ്, ചേര്‍ത്തു പിടിയ്ക്കുന്നവനാണ് രാമനാഥന്‍ എന്ന പുരുഷന്‍.
അല്‍ഫോന്‍സ
അല്‍ഫോന്‍സയ്ക്കു തേപ്പുകാരിയുടെ പട്ടം ചാര്‍ത്തി കൊടുക്കുന്നവരോടുള്ള മറുപടി ആന്റണി തന്നെ കൊടുക്കുന്നുണ്ട്, അവളുടെ സാഹചര്യമാണ് അതിനു കാരണമെന്ന്, തന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടും അല്‍ഫോന്‍സ തേപ്പുകാരിയാണെന്ന് വിശ്വസിയ്ക്കാത്ത ആന്റണിയേക്കാള്‍ മറ്റുള്ളവര്‍ പറഞ്ഞത് വിശ്വസിയ്ക്കാന്‍ തയ്യാറാകുന്നതിലെ യുക്തി തീരെ മനസ്സിലാകുന്നില്ല, ഒരു വേള അല്‍ഫോന്‍സയോട് ‘എങ്കില്‍ മോള് പോയി ഉന്മാദിയ്ക്ക് ‘ എന്ന് പറയുന്ന ആന്റണിയുടെ മുഖത്തടിയ്ക്കുന്ന അവളുടെ മുഖത്ത് ദേഷ്യത്തിനു പകരം സങ്കടം വന്നതിനു കാരണം ഒരു വേള അവനും തന്നെ അവിശ്വസിയ്ക്കുന്നു എന്ന തോന്നലാണ്, തനിയ്ക്കു പറ്റിയ ചതി മനസ്സിലാക്കി സൈബര്‍ സെല്ലില്‍ പരാതി പറയാന്‍ വന്ന അല്‍ഫോന്‍സ കൂടെ നില്ക്കണം എന്നു പറയുമ്പോള്‍ ‘എന്തു പറ്റി ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ഒന്നും പറ്റാത്തതാണല്ലോ ‘ എന്നാണ് ആന്റണി ചോദിയ്ക്കുന്നത്.
രണ്ടാമതും അവനെ പിരിയേണ്ടി വരുമ്പോള്‍ ഞാനെന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയാണ് നിനക്ക് നല്ലതെന്നു തോന്നുന്നത് ചെയ്യാന്‍ ആന്റണി പറയുന്നത്, അതിനു ശേഷം അല്‍ഫോന്‍സ ചെയ്തത് തേപ്പാണെന്ന് വിശ്വസിയ്ക്കാനാണ് ഇഷ്ടമെങ്കില്‍ അത്തരമൊരു പൊതുബോധം സൃഷ്ടിയ്ക്കുന്നത് നിങ്ങള്‍ തന്നെയാണ് കാരണം അല്‍ഫോന്‍സയെ സംബന്ധിച്ച് എല്ലാം ബോധ്യമാകേണ്ടത് ആന്റണിയ്ക്കാണ് അതവന്‍ മനസ്സിലാക്കുന്നുമുണ്ട്.
തിരശ്ശീലയ്ക്കു മുന്നിലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമല്ല പിന്നിലുമുണ്ട് കരുത്തരായ സ്ത്രീകള്‍ ജാവയുടെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്ത മഞ്ജുഷ രാധാകൃഷ്ണനും, കലാസംവിധാനം കൈകാര്യം ചെയ്ത ദുന്ദു രഞ്ജീവും… പറഞ്ഞു തുടങ്ങിയാല്‍ ഇനിയുമുണ്ട് ഏറെ… സ്ത്രീകളെ പറ്റിയുള്ള സംവിധായകന്റെ കാഴ്ച്ചപ്പാട് അവര്‍ ദുര്‍ബലകളാണ് എന്നാണ് ഇനിയും നിങ്ങള്‍ പറയുന്നതെങ്കില്‍ തിരിച്ച് എനിയ്ക്ക് ഒന്നേ പറയാനുള്ളു, നിരൂപകന്റെ മങ്ങിയ ആ കണ്ണട അഴിച്ചു വെച്ചിട്ട് ആസ്വാദകന്റെ തെളിഞ്ഞ മനസ്സുമായി ഒന്നുകൂടി ഓപ്പറേഷന്‍ ജാവ കാണൂ. ഇല്ലെങ്കില്‍ കഥാപാത്രത്തിന്റെ പേരില്‍ നിന്നും ജാതി കണ്ടെത്തി വിലയിരുത്തുന്ന പുതിയ കാലഘട്ടത്തില്‍ ഇനി ഓരോ സംവിധായകനും അവന്റെ കഥാപാത്രങ്ങള്‍ക്ക് A,B,C,D എന്നു പേരുനല്‌കേണ്ടി വരും.
Story highlights: Nishadh Yusuf about women characters in Operation Java