“കാശുമുടക്കില്ലാതെ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങള്‍ക്കകം തകര്‍ന്നു തവിടു പൊടിയായി”: അനുഭവം പങ്കുവെച്ച് ഓപ്പറേഷന്‍ ജാവ സംവിധായകന്‍

June 11, 2021
Tharun Moorthy about Operation Java

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കഥാപാത്രങ്ങളുടെ അഭിനയമികവും സംവിധാന വൈഭവവും തിരക്കഥയുടെ കെട്ടുറപ്പുമെല്ലാം ചിത്രത്തെ മികച്ചതാക്കുന്നു. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും സംവിധാനം നിര്‍വഹിച്ചതും. ഇപ്പോഴിതാ തന്റെ ബിടെക്ക് കാലത്തെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.

തരുണ്‍ മൂര്‍ത്തി പങ്കുവെച്ച കുറിപ്പ്

പറഞ്ഞു തുടങ്ങുമ്പോള്‍ എന്റെ btech കാലം തന്നെ പറയണം. അന്ന് ജോലി തേടി ഇന്റര്‍വ്യൂകള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം, ബാംഗ്ലൂര്‍ താമസിച്ചു അവിടുത്തെ കമ്പനികളില്‍ സി.വി കൊടുത്ത് ജോലിയ്ക്ക് വേണ്ടി അലയുന്ന കാലമാണ്. അങ്ങനെ ആറ്റു നോറ്റ് കാത്തിരുന്ന് ഒരു ഇന്റര്‍വ്യൂ വീണു കിട്ടി.

അല്പം വിറവലോടെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ധാരണ ഉള്ളവനെപ്പോലെ, ഇല്ലാത്ത ആറ്റിട്യൂട് ഉണ്ടെന്ന് കാണിച്ച് ഞാന്‍ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലിരുന്നു. അപ്പുറത്തു നിന്നു ചോദ്യങ്ങള്‍ വന്നു തുടങ്ങി കാശുമുടക്കില്ലാതെ ഞാന്‍ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങള്‍ക്കകം തകര്‍ന്നു തവിടു പൊടിയായി, ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമില്ലാതെ ഞാന്‍ ഇളിഭ്യനായി എന്നു തന്നെ വേണം പറയാന്‍. അന്ന് ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

Windows ന്റെ ഏറ്റവും latest version ഏതാണ് ? ഞാന്‍ ഒരു ഉളുപ്പും ഇല്ലാതെ അറിയില്ലെന്ന് പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഏതൊക്കെ versions use ചെയ്തിട്ടുണ്ട്. അതിനും ഉത്തരമില്ലാതെ ഞാന്‍ ഞാന്‍ കീഴ്‌പ്പോട്ടു നോക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ head quarters എവിടെയാണ്? ഉത്തരം ലളിതം. അറിയില്ല. മൈക്രോസോഫ്റ്റിന്റെ CEO ആരാണ്? ഭാവദേദമേതുമില്ലാതെ അതിനും അറിയില്ല എന്ന മറുപടി തന്നെ …

എനിയ്ക്ക് നേരെ certficate തന്നിട്ട് ആ recruiter പറഞ്ഞു. ഇത്ര പോലും updated അല്ലാത്ത ഒരാളെ എങ്ങനെയാടോ ഞങ്ങള്‍ recruit ചെയ്യുക. എപ്പോഴും updated ആയിക്കൊണ്ടിരിയ്ക്കണം എന്ന്. വിവരം ഇല്ലാത്ത, updated അല്ലാത്ത, എങ്ങും placed ആകാത്ത ഞാന്‍ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി. മൈക്രോസോഫ്റ്റിനെ അത്രയേറെ പ്രാകിയിട്ടുണ്ട് അന്ന്.

Insert ചെയ്ത ഷര്‍ട്ട് വലിച്ചു പുറത്തിട്ട്, ടൈയും ലൂസാക്കി പുറത്തേയ്ക്കിറങ്ങി ആ കമ്പനിയെ ഞാന്‍ ഒന്ന് നോക്കി.
നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നുണ്ടാകും ഈ കമ്പനി വിലയ്ക്ക് മേടിച്ചു ഹീറോയിസം കാണിയ്ക്കാനുള്ള നോട്ടം ആണ് ഇതെന്ന്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സംഗതി ഇതാണ്.

ഇന്ന് രാവിലെ Alexander Prasanth ഒരു വോയിസ് മെസ്സേജ്. എടാ നീ അറിഞ്ഞോ? നമ്മള്‍ ഇന്റര്‍നാഷണലി ഹിറ്റ് ആണെന്ന്. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ആണ് കാര്യം പറയുന്നത്. മൈക്രോസോഫ്റ്റ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് നടത്താന്‍ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു ആപ്ലിക്കേഷന്‍, മൈക്രോസോഫ്റ്റ് ടീം എന്നോ മറ്റോ ആണ് പേര്. അവര് ഡെമോ ക്ലാസ്സ് എടുക്കുമ്പോള്‍ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷന്‍ ജാവ കാണണം എന്നാണ്.
പൊതുവേ അവര്‍ പഠനത്തിനിടയില്‍ സിനിമ പ്രോത്സാഹിപ്പിയ്ക്കാറില്ല, പക്ഷേ ജാവ എല്ലാവരും കാണണം കാരണം
നിങ്ങള്‍ പഠിയ്ക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന്..
എന്താല്ലേ…!
മൈക്രോസോഫ്റ്റ് നിങ്ങള്‍ മുത്താണ്

Story highlights: Tharun Moorthy about Operation Java