‘ഓപ്പറേഷൻ ജാവ’യ്ക്ക് അഭിനന്ദനം അറിയിച്ച് മമ്മൂട്ടി; സന്തോഷം പങ്കുവെച്ച് ലുക്മാൻ

May 31, 2021

സിനിമ പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന് വിവിധ ഇടങ്ങളിൽ നിന്നായി മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ചലച്ചിത്രതാരം സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയും ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്. ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ലുക്മാനാണ് ഈ വിവരം സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. വിനയദാസൻ എന്ന മുഖ്യകഥാപാത്രത്തെയാണ് ചിത്രത്തിൽ ലുക്മാൻ അവതരിപ്പിച്ചത്.

കേരളത്തിലെ തൊഴിലില്ലായ്മ അടക്കം കാലികപ്രസക്തമായ നിരവധി വിഷയങ്ങൾ ചർച്ചചെയ്യുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. കേസന്വേഷണത്തിനിടയിൽ നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും അനുഭവിയ്ക്കുന്ന കാക്കിയ്ക്കുള്ളിലെ ഒരു കൂട്ടം മനുഷ്യരുടെ കഥയും ചിത്രയും പറഞ്ഞുവയ്ക്കുന്നുണ്ട്. ബാലു വര്‍ഗീസ്, ലുക്ക്മാന്‍, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ബിനു പപ്പു, പ്രശാന്ത്, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, മാത്യൂസ് തോമസ്, ധന്യ അനന്യ, മമിത ബൈജു തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ.

Read also: ‘തെയ്തക തെയ്തക…’ പാട്ടിന് ഗംഭീര ഡാന്‍സുമായി ദുര്‍ഗ കൃഷ്ണയും കൃഷ്ണ ശങ്കറും: ഒപ്പം ഒരു രസികന്‍ ക്യാപ്ഷനും

വി സിനിമാസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫായിസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു. ജോയ് പോളിന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍.

Story Highlights;mammootty appreciate operation java