കൈക്കുടന്ന നിറയെ’ ‘സൂര്യകിരീടം’ പോല്‍ സുന്ദര ഗാനങ്ങള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ പിറന്നാള്‍ ദിനം: ഓര്‍ത്തെടുക്കാം ചില ഗാനങ്ങള്‍
‘സൂര്യകിരീടം വീണുടഞ്ഞു രാവിന് തിരുവരങ്ങില്‍…’ എത്ര കേട്ടാലും മതിവരാത്ത വരികള്‍… മംഗലശ്ശേരി നീലകണ്ഠന് എന്ന ദേവാസുരത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഉള്ളിലെ പിടച്ചില്‍ അതേപടി പ്രതിഫലിച്ചിരുന്നു ഈ വരികളില്‍. ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിന്റെ എല്ലാ വരികളും തന്നെ സൂര്യകിരീടം പോല്‍ കാലന്തരങ്ങള്‍ക്കുമപ്പുറം കെടാതെ ശോഭിയ്ക്കുന്നവയാണ്. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമാണ്. കാലയവനികയുടെ പിന്നിലേക്ക് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയെങ്കിലും മലയാളികള്‍ ഇന്നും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നുണ്ട് അദ്ദേഹം കുറിച്ച ചില നിത്യ സുന്ദര വരികള്‍.
ഗിരീഷ് പുത്തഞ്ചേരി വരികളെഴുതിയ ചില സുന്ദര ഗാനങ്ങള്‍
സൂര്യകിരീടം വീണുടഞ്ഞു….
മോഹന്‍ലാല്‍ നായകനായെത്തിയ ദേവാസുരം എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. എം ജി രാധാകൃഷ്ണന് സംഗീതം പകര്‍ന്ന ഗാനം എം ജി ശ്രീകുമാറാണ് ആലപിച്ചത്. 1993-ലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. രഞ്ജിത് തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് ഐവി ശശിയാണ്.
പിന്നെയും പിന്നെയും ആരോ….
1997-ല്‍ പ്രേക്ഷകരിലേയ്ക്കെത്തിയ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലേതാണ് ഈ ഗാനം കെ ജെ യേശുദാസ് ആലപിച്ച ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് വിദ്യാസാഗര്‍ ആണ്. മഞ്ജു വാര്യര്‍, ജയറാം, ബിജു മേനോന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് കമലാണ്.
ഒരു രാത്രികൂടി വിടവാങ്ങവേ..
സമ്മര്‍ ഇന്‍ ബെത്ലഹേം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്. വിദ്യാ സാഗര്‍ സംഗീതം പകര്‍ന്നു. സുരേഷ് ഗോപി, ജയറാം മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം 1998-ലാണ് പ്രേക്ഷകരിലേയ്ക്കെത്തിയത്. സിബി മലയിലാണ് ചിത്രത്തിന്റെ സംവിധായകന്.
കൈക്കുടന്ന നിറയെ…
ഗിരീഷ് പുത്തഞ്ചേരികളുടെ വരികളാല്‍ മനോഹരമായ മറ്റൊരു ഗാനമാണ് ഇത്. മായാമയൂരം എന്ന ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത് കെ ജെ യേശുദാസും എസ് ജാനകിയും ചേര്‍ന്നാണ്. രഘുകുമാര്‍ പാട്ടിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. മോഹന്‍ലാല്‍, തിലകന്, രേവതി, ശോഭന തുടങ്ങിയവര്‍ പ്രധാന കഥാപാത്രമായെത്തിയ മായമയൂരം സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ്.
നീയുറങ്ങിയോ നിലാവേ…
1996-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഹിറ്റ്ലര്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എസ് പി വെങ്കടേഷ് സംഗീതം പകര്‍ന്ന ഗാനം സിനിമയില്‍ ആലപിച്ചിരിയ്ക്കുന്നത് കെ ജെ യേശുദാസാണ്. സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച ഹിറ്റ്ലര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി, മുകേഷ്, ശോഭന, ജഗദീഷ്, വാണിവിശ്വനാഥ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി.
വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് ഗിരീഷ് പുത്തഞ്ചേരി എന്ന എഴുത്തുകാരന്. ഇനിയും ഏറെയുണ്ട് അദ്ദേഹത്തിന്റെ വരികളാല്‍ അനശ്വരമായ ഗാനങ്ങള്‍. മേലെ മേലേ മാനം, നിലാവേ മായുമോ, ഇന്നലെ എന്റെ നെഞ്ചിലേ, ശാന്തമീ രാത്രിയില്‍, പിലര്വെയിലും പകല്‍മുകിലും, ഏതോ വേനല്‍ കിനാവിന്, ആകാശദീപങ്ങള്‍ സാക്ഷി, കണ്ണുംനട്ട് കാത്തിരുന്നിട്ടും…. അങ്ങനെയങ്ങനെ നിരവധിയാണ് ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യപ്രതിഭയുടെ തൂലികയില്‍ വിരഞ്ഞ പാട്ടുകള്‍…..
Story highlights: Remembering Evergreen Songs of Gireesh Puthenchery on his Birthday