‘ആ നശിച്ച കാലം കഴിഞ്ഞാൽ സന്തോഷം നമ്മളെ തേടിവരും’- കാൻസർ പോരാട്ടത്തെ കുറിച്ച് ഒരു ഹൃദ്യമായ കുറിപ്പ്

May 25, 2021

കാൻസറിനെ പരസ്പരമുള്ള സ്നേഹം കൊണ്ട് തോൽപിച്ച ദമ്പതികളാണ് സച്ചിനും ഭവ്യയും. മലപ്പുറം സ്വദേശികളായ ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. പ്രണയകാലത്തിനിടയിലാണ് ഭവ്യ കാൻസർ ബാധിതയാണെന്ന് അറിയുന്നത്. എന്നാൽ, പ്രിയതമയെ കൈവിടാതെ രണ്ടു വർഷം മുൻപ് സച്ചിൻ ഭവ്യയെ വിവാഹം കഴിച്ചു. ഇരുവരുടെയും വിവാഹ വാർത്ത വളരെയധികം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, ഭവ്യ കാൻസർ നാളുകളിൽ അനുഭവിച്ച വേദനകളെ കുറിച്ച് പങ്കുവയ്ക്കുകയാണ് സച്ചിൻ.

സച്ചിന്റെ കുറിപ്പ്;

ജീവിതം ഇത്ര മനോഹരമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. സങ്കടങ്ങൾ നമ്മളെ തേടിവരുബോൾ, ഒറ്റനിമിഷംകൊണ്ടു എല്ലാം നഷ്ട്ടമാകും എന്ന് തോന്നി പോകുമ്പോൾ ചിലപ്പോൾ നമ്മളുടെയൊക്കെ മനസ് കൈവിട്ടുപോകുന്ന സമയമുണ്ട്, ഈ നശിച്ച ജീവിതം എന്തിനെന്ന് നമ്മൾ നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട്. എന്നാൽ ആ നശിച്ച കാലം കഴിഞ്ഞാൽ സന്തോഷം നമ്മളെ തേടിവരും, ഇരുട്ടുനിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വരും, തീർച്ച;
കഴിഞ്ഞ കാലങ്ങളിൽ അവൾ അനുഭവിച്ച സങ്കടങ്ങളും, പ്രതിസന്ധികളും പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്, വേദനകൾ കടിച്ചമർത്തി പരസ്പരം സന്തോഷങ്ങൾ കണ്ടെത്തി. പിന്നെ സങ്കടങ്ങൾ എല്ലാം മറക്കാൻവേണ്ടി പൊള്ളയായിട്ടുള്ള കുറെ സ്വപ്നങ്ങൾ കണ്ടു, അതിൽ ആനന്ദം കണ്ടു.. എന്തൊക്കെയോ, ആരിൽനിന്നും മറക്കാൻവേണ്ടി യാത്രകളേ അഭയം തേടി.. എന്നിട്ടും തീരാത്ത പല പല ചോദ്യങ്ങൾ അവളെ അലട്ടികൊണ്ടിരുന്നു..

ചിലപ്പോൾ എന്തെങ്കിലും ആവട്ടെ വരുന്നിടത്തുവെച്ചുകാണാം എന്നുപറഞ്ഞു ഒരു ദീർഘശ്വാസം എടുത്തുപിരിയും.
എന്നാൽ ദിവസങ്ങൾ കഴിയുംതോറും ജീവിക്കാനുള്ള ധൈര്യം അവളിൽ കൂടികൊണ്ടേയിരിക്കുന്നു.. വേദനകൾ ഇപ്പോൾ ശരീരത്തിൽ മാത്രമായി ഒതുങ്ങുന്നു, അല്ലങ്കിൽ ഒതുക്കുന്നു; ചുറ്റിനും നിറഞ്ഞുനിന്നിരുന്ന പ്രതിസന്ധികളെ തരണംചെയ്യാൻ പഠിച്ചിരിക്കുന്നു, കുറ്റപ്പെടുത്തിയവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിലൂടെ ചെറുപുഞ്ചിരിയാൽ നടന്ന് നീങ്ങാൻ കഴിയുന്നു.. വേദനകളുടെ ലോകം മറന്ന് ജീവിതം ആസ്വദിച്ചുതുടങ്ങുന്ന അവളുടെ കൂടെ ഒരു തേരാളിയെപോലെ ഈ യുദ്ധഭൂമിയിൽകൂടി ഞാനും നടന്നും, ഓടിയും, ചാടിയും നീങ്ങുന്നു.

Read More: സ്റ്റാർ മാജിക് വേദിയിൽ അനുവിന്റെ വക എൻ സി സി ട്രെയിനിംഗും രസികൻ പരേഡും- വിഡിയോ

ഇതിൽപരം ആനന്ദം എനിക്ക് ഇനി എന്താണ്…ജീവിതം ഇനിയും ഒരുപാട് തരണം ചെയ്യാൻ ഉണ്ടെങ്കിലും ഇപ്പോൾ എത്തിനിൽക്കുന്ന ഈ അവസ്ഥയിൽ ഞങ്ങൾക്ക് അത്രമാത്രം സന്തുഷ്ടരാണ്.. ഇതുപോലെതന്നെ തളർന്നിരിക്കുന്ന, ഒറ്റപ്പെട്ടുനിൽക്കുന്ന ഒരുപാട് ആളുകൾ നമുക്കുചുറ്റും ഉണ്ട് നിങ്ങളെ ജീവിതത്തിലും ഒരുനാൾ ഇരുട്ടുമാറി വെളിച്ചം വരും… അതിനായി കാത്തിരിക്കുക.

Story highlights- sachin dev facebook post about cancer