ലാലേട്ടന് പിറന്നാൾ ആശംസകളുമായി ടീം ബറോസ്; സ്‌പെഷ്യൽ വിഡിയോ

May 21, 2021

അഭിനയകലയിലെ അപൂർവതയായ മലയാളികളുടെ ഇഷ്ടതാരം മോഹൻലാലിന് ഇന്ന് പിറന്നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ തങ്ങളുടെ ഇഷ്ടതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ്. സിനിമ താരങ്ങളും ആരാധകരുമടക്കമുള്ളവരുടെ പിറന്നാൾ ആശംസകളാൽ സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ എന്ന അതുല്യ കലാകാരൻ നിറഞ്ഞുനിൽക്കുകയാണ്. മലയാളികളുടെ ഇഷ്ടതാരത്തിന് വ്യത്യസ്മായ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകർ എത്തുമ്പോൾ, സ്‌പെഷ്യൽ പിറന്നാൾ ആശംസകളുമായി ബറോസ് ടീമും എത്തുന്നുണ്ട്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെയും സിനിമയിലെ അണിയറപ്രവർത്തകരുടെ പിറന്നാൾ ആശംസകളും താരത്തിന്റെ സിനിമകളിലെ ചിത്രങ്ങളും ബറോസ് ചിത്രത്തിലെ ചില ഷൂട്ടിങ് രംഗങ്ങളും ഉൾപ്പെടുത്തിയാണ് പിറന്നാൾ വിഡിയോ ഒരുക്കിയിരിക്കുന്നത്. താരരാജാവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള വിഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

അതേസമയം സംവിധായകനായി നടൻ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ബറോസ്. പ്രധാന കഥാപാത്രമായ ബറോസായി മോഹൻലാലാണ് എത്തുന്നത്. നടൻ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.

Read also:അമേരിക്കയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെ കൃഷിയിടത്തിലേക്ക്; അവിടെനിന്നും കോടികൾ വരുമാനം നേടുന്ന പാൽക്കച്ചവടക്കാരനിലേക്ക്…

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. അതേസമയം ഫോർട്ട് കൊച്ചിയിലും ഗോവയിലുമാണ് ചിത്രത്തിന്റെ ആദ്യഭാഗം ഷൂട്ട് ചെയ്യുന്നത്.

Story Highlights: Team Barroz wishes to Happy Birthday Mohanlal